X

മലപ്പുറത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ഹൈദരലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി

മലപ്പുറം:: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെ തന്നെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി. പാണക്കാട് സികെഎംഎം എഎല്‍പി സ്‌കൂളിലെ 97-ാം നമ്പര്‍ ബൂത്തിലാണ് ഇരുവര്‍ക്കും വോട്ട്. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പോളിങ് കൂടാന്‍ സാധ്യതയുണ്ടെന്നും മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 1175 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 35 മാതൃകാ ബൂത്തുകളും വനിതാ ഉദ്യോഗസ്ഥര്‍ക്കായി 21 ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. മൊത്തം ഒമ്പതു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ കൂടാതെ ആറു പേരാണ് മത്സരിക്കുന്നത്.
49 പ്രശ്‌നബാധ്യത ബൂത്തുകളും 31 പ്രശ്‌ന സാധ്യതാ ബൂത്തുകളുമാണ് മണ്ഡലത്തിലുള്ളത്. പ്രശ്‌ന ബൂത്തുകളില്‍ സായുധ പൊലീസിന്റെയും സൂക്ഷ്മ നിരീക്ഷകരുടെയും സാന്നിധ്യമുണ്ടാകും. നാല് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.
അതേസമയം ചില ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഇവിടെ വോട്ടര്‍മാരുടെ നീണ്ട നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്.
മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും.

chandrika: