X

മലപ്പുറത്തെ ഐ.സി.യുവിലാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഏറ്റവും അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ആവശ്യത്തിന് ആസ്പത്രികളും ഡോക്ടര്‍മാരും ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലപ്പുറത്തെ ആരോഗ്യമേഖല ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ‘ചന്ദ്രിക’ ശേഖരിച്ച കണക്കുകള്‍ ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന വ്യക്തമാക്കുന്നതാണ്.

ആരോഗ്യരംഗത്തെ ഏറ്റവും അനിവാര്യമായ ഘടകം ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ 2627 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള മലപ്പുറത്ത് ഡോക്ടര്‍മാരുടെ എണ്ണം 421 മാത്രമാണ്. 4853 കിടക്കകളുള്ള തിരുവനന്തപുരത്ത് 481 ഡോക്ടര്‍മാരുണ്ട്. കോട്ടയത്ത് 2949 കിടക്കകളാണുള്ളത്. ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം 476 ആണ്. ആലപ്പുഴയില്‍ 3404 കിടക്കകള്‍- ഡോക്ടര്‍മാരുടെ എണ്ണം 323. എറണാകുളത്ത് 4586 കിടക്കകളുള്ളപ്പോള്‍ 337 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് 2764 കിടക്കകള്‍ക്ക് ഡോക്ടര്‍മാരുടെ എണ്ണം 680 ആണ്.

മലപ്പുറം ജില്ലയുടെ പകുതിമാത്രം ജനസംഖ്യയുളള ആലപ്പുഴയില്‍ 3404 കിടക്കകളാണുളളത്. ഈ അനുപാതം കണക്കെടുത്താല്‍ മലപ്പുറത്തിന് ലഭിക്കേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്‍മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്‍മാരുടേയും കുറവ് മലപ്പുറത്തുണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഐ.പി വിഭാഗത്തില്‍ 5,41,575 പേര്‍ ചികില്‍സ തേടി. ഒ.പി വിഭാഗത്തില്‍ 1,38,76,765 രോഗികളാണ് ചികില്‍സ തേടിയത്. മേജര്‍ ഓപറേഷന് വിധേയരായവര്‍ 60,349 പേര്‍. മൈനര്‍ ഓപ്പറേഷന് വിധേയരായവര്‍ 45,303 പേരുണ്ട്. ഇത് ആരോഗ്യ വകുപ്പിന്റെ പക്കലുളള കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ മുകളിലാണ്. മറ്റൊരു ജില്ലയിലും ഇത്രയും വലിയ തോതില്‍ രോഗികളില്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മാത്രം 46 പേരാണ് മരിച്ചത്. മറ്റു പകര്‍ച്ചാവ്യാധികളാല്‍ മരണമടഞ്ഞവരുടെ എണ്ണം 79 എന്നാണ് ഔദ്യോഗിക കണക്ക്.

ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറം കൊണ്ടോട്ടിയില്‍ മുഹമ്മദ് ഹഫ്‌സാസ്, താനൂരിലെ മുഹമ്മദ് അമീന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മക്കരപ്പറമ്പില്‍ മലമ്പനി സ്ഥിരീകരിച്ച വാര്‍ത്തയും ആശങ്കയുളവാക്കുന്നതായിരുന്നു. ഡെങ്കി, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ്, മലമ്പനി, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, മറ്റു വൈറല്‍ പനികള്‍ തുടങ്ങിയ പകര്‍ച്ചാവ്യാധികള്‍ വന്‍ തോതിലാണ് മലപ്പുറം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയില്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറത്താണ് ഉയര്‍ന്ന ജനസംഖ്യയുള്ളത്, 41 ലക്ഷം.

ഇത്രയും ജനങ്ങള്‍ അധിവസിക്കുന്ന ജില്ലയില്‍ ജനസംഖ്യാനുപാതികമായി ആസ്പത്രികളില്ല. മറ്റു ജില്ലകളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ എത്രമാത്രമെന്ന് വ്യക്തമാകുന്നു. ഏതു വിഭാഗത്തിലുളള ആസ്പത്രികളുടെ എണ്ണമെടുത്താലും മലപ്പുറം പിന്നിലാണെന്ന് തെളിയുന്നു. അഞ്ച് വിഭാഗം ആസ്പത്രികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ പോലും മലപ്പുറം മുന്നിലല്ല. തിരുവനന്തപുരത്ത് 33 ലക്ഷവും ആലപ്പുഴയില്‍ 21 ലക്ഷവും കോട്ടയത്ത് 19 ലക്ഷവും എറണാകുളത്ത് 32 ലക്ഷവും തൃശൂരില്‍ 31 ലക്ഷവുമാണ് ജനസംഖ്യ. ഇതനുസരിച്ച് ഈ ജില്ലകളിലെല്ലാം ആനുപാതികമായി ആസ്പത്രികളും ഡോക്ടര്‍മാരുമുണ്ട്.

chandrika: