X

വിഷം തിന്ന് മരിക്കുന്ന മലയാളികള്‍- എഡിറ്റോറിയല്‍

എല്ലാ കാര്യത്തിലും മുന്‍പന്തിയിലാണെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ ഭക്ഷണ കാര്യത്തില്‍ വിഷം കഴിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഹോട്ടലില്‍നിന്നു വരുത്തിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ച സംഭവം ഭക്ഷണ കാര്യത്തില്‍ കേരളം ഇനിയും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥി രോഗവിഭാഗം തീവ്രപരിചരണ യൂനിറ്റിലെ നഴ്‌സിങ് ഓഫീസര്‍ രശ്മി രാജാ(32)ണു കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കല്‍ കോളജ് നഴ്‌സിങ് ഹോസ്റ്റലില്‍ താമസിക്കുന്ന ഇവര്‍ 29 നു കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ അല്‍ഫാം കഴിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രി ഛര്‍ദ്ദിയും അസ്വസ്ഥതയുമുണ്ടായതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗാവസ്ഥ ഗുരുതരമാവുകയും വൃക്കയിലും കരളിലും അണുബാധയുണ്ടാവുകയും ചെയ്തതോടെ വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് ഡയാലിസിസ് നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കുകൂടി ഭക്ഷ്യവിഷബാധയേറ്റിരുന്നു. അവശനിലയിലായ ഒരു കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അണുബാധക്കു കാരണം ഭക്ഷ്യവിഷ ബാധയാണന്ന സംശയത്തില്‍ രക്തം അടക്കമുള്ളവ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാനാകൂവെങ്കിലും ഭക്ഷണ കാര്യത്തില്‍ മലയാളികള്‍ വഞ്ചിക്കപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടുവരുന്നത്. പത്തനംതിട്ടയിലെ കീഴ്‌വായ്പൂരില്‍ മാമോദീസാ ചടങ്ങില്‍ പങ്കെടുത്ത നൂറിലേറെപേര്‍ക്കു ഭക്ഷ്യവിഷ ബാധയേല്‍ക്കുകയും ഒരാള്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതിന്റെ ചൂടാറും മുമ്പാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഗുരുതരാവസ്ഥയിലായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരണമടഞ്ഞത്. ഈ കുട്ടിക്കൊപ്പം നിരവധി പേര്‍ക്ക് അന്നു ഭക്ഷ്യവിഷബാധയേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയിലും ഷവര്‍മയില്‍നിന്നു നിരവധി പേര്‍ക്കു വിഷബാധയേറ്റിരുന്നു. സംസ്ഥാനത്തുടനീളം ദിവസംതോറും നടക്കുന്ന നൂറുകണക്കിനു ഭക്ഷ്യവിഷബാധകളില്‍ ചിലത് മാത്രമാണിവ. ദിവസവും നിരവധി പേര്‍ക്കാണ് സംസ്ഥാനത്ത് പല ഭക്ഷണശാലകളില്‍നിന്നും മോശം ശാരീരിക, മാനസിക അനുഭവങ്ങളുണ്ടാകുന്നത്. പക്ഷേ, അവയൊക്കെ ഒറ്റപ്പെട്ട അനുഭവങ്ങളാകുന്നതിനാലും ഗുരുതരമോ മരണകാരണമോ ആകാത്തതിനാലും ശ്രദ്ധയിലേക്കു വരുന്നില്ലെന്നുമാത്രം.

എന്നാല്‍ ഇതെല്ലാം ശ്രദ്ധിക്കേണ്ടവര്‍ ഉറക്കം നടിക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകാന്‍ കാരണം. പൊതുജനാരോഗ്യ സംരക്ഷകരാകേണ്ടവര്‍ക്കു വേണ്ടതു നല്‍കിയാല്‍ നിയമനടപടികളെ മറികടക്കാമെന്നു ഇത്തരക്കാര്‍ക്ക് വ്യക്തമായറിയാം. കോട്ടയത്തെ ഇതേ ഹോട്ടലില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് നിരവധി പേര്‍ക്കു ഭക്ഷ്യവിഷബാധയേറ്റത്. അതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടല്‍ പൂട്ടിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഉദ്യോഗസ്ഥരുടെ ഈ അനാസ്ഥക്കും മനഃപൂര്‍വമുള്ള വീഴ്ചക്കും പൊതുജനം നല്‍കിയ വിലയാണ് യുവതിയുടെ ജീവന്‍.

എല്ലാം കഴിഞ്ഞ ശേഷം ഹോട്ടല്‍ തല്ലിപ്പൊളിക്കാന്‍ ഡി.വൈ.എഫ്.ഐക്കാരെത്തിയതും ശുഭ സൂചനയല്ല. ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്താനാണ് ഡി.വൈ.എഫ്.ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അവര്‍ അവരുടെ കടമ കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം ഇങ്ങനെയൊരു ഗതിയില്‍ വരില്ലായിരുന്നു. പഴകിയ മത്സ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മാസങ്ങളോളം പഴക്കമുള്ള ഏതെല്ലാമോ രാസവസ്തുക്കളിട്ട് മിനുസപ്പെടുത്തിയ മീനുകളാണ് സംസ്ഥാനത്തിന്റെ ചിലയിടങ്ങളിലെങ്കിലും വില്‍പനക്കെത്തുന്നത്. പച്ചക്കറികളുടെ കാര്യത്തില്‍പോലും വിശ്വസിച്ചു കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തില്‍. കീടനാശിണിയില്‍ പൊതിഞ്ഞ പച്ചക്കറികളാണ് അയല്‍ സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക്‌വരുന്നത്.

സ്വന്തം വീട്ടില്‍നിന്നായാലും ഹോട്ടലില്‍ നിന്നായാലും വിശ്വസിച്ച് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മലയാളികള്‍. ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യ വിഭാഗങ്ങളുമൊക്കെ ഹോട്ടലുകളിലും ഭക്ഷ്യശാലകളിലും പരിശോധനകള്‍ നടത്തുന്നതുതന്നെ അവര്‍ക്ക് പണത്തിനു ആവശ്യം വരുമ്പോള്‍ മാത്രമാണ്. ഹോട്ടലുകള്‍ക്ക് അവര്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ തരമനുസരിച്ചു സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കണം. ഇത്തരം പരിശോധനകള്‍ മത്സ്യത്തിന്റേയും പച്ചക്കറികളുടേയും കാര്യത്തിലുമുണ്ടാകണം. കേരളത്തിലെ രീതിയനുസരിച്ച് ഒരു ദുരന്തമുണ്ടാകുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അധികൃതരുടെ നിലപാടാണ് ആദ്യം മാറേണ്ടത്. ദുരന്തം ഉണ്ടായ ശേഷമല്ല പ്രതിരോധിക്കേണ്ടത്, ദുരന്തമുണ്ടാകാതെ നോക്കുകയാണ് വേണ്ടത്.

webdesk13: