X

പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട് മമത; സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അകലുന്നു

കൊല്‍ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്‍ അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മമത ബംഗാളിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിലെ ഇടപെടല്‍ കുറച്ച് ദേശീയ തലത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുളള നീക്കമാണിതെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ മമത മാറ്റങ്ങള്‍ വരുത്തി. ദേശീയ രാഷ്ട്രീയം, സംസ്ഥാന ഭരണം, സംസ്ഥാന രാഷ്ട്രീയം എന്നിങ്ങനെ മൂന്നായി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ മമത വിഭജിച്ചിരിക്കുകയാണിപ്പോള്‍. ഇതിന് പുറമേ സംസ്ഥാനതലത്തിലുളള തന്റെ ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി വിശ്വസ്തരെ ഏല്‍പ്പിച്ച മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിയ്ക്കാനുളള നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കിയെന്നാണ് റിപ്പോര്‍ട്ട്. മെയ് 22 ന് നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജിയെ മമത ഉയര്‍ത്തിക്കാണിച്ചിരുന്നു.കേന്ദ്രത്തിന്റെ എണ്ണ വില വര്‍ധനവിന് എതിരായ പാര്‍ട്ടിയുടെ സമരപരിപാടികളെ നയിച്ചത് അഭിഷേക് ബാനര്‍ജിയാണ്.

കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മമത ബാനര്‍ജി നടത്തിയ ഡല്‍ഹി സന്ദര്‍ശനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സോണിയ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മമത തിരിച്ചുപോയത്. കര്‍ണ്ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മമത ബാനര്‍ജി പങ്കെടുത്തിരുന്നു. എന്നാല്‍ വേദിയില്‍ ഒരു കൈ അകലത്തിലായിരുന്നു മമതയുടെ പെരുമാറ്റം. ബി.ജെ.പി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് മമത പദ്ധതിയിട്ടിരിക്കുന്നത്.

chandrika: