X

ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി പിടിമുറുക്കുന്നു

 

ലണ്ടന്‍ : ഇംഗ്ലീഷ് മണ്ണില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തോട് അടുക്കുന്നു. കരുത്തരായ ടോട്ടന്‍ഹാം ഹോട്ട്‌സ്പ്പറിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് സിറ്റി തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ കിഴീല്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ടച്ചായായ പതിനാറാം ജയമെന്ന റെക്കോര്‍ഡുകൂടിയാണ് സിറ്റി സ്വന്തം തട്ടകമായ എത്തിഹാദില്‍ കഴിഞ്ഞ ദിവസം നേടിയത്.

14-ാം മിനുട്ടില്‍ ഗുഡോഗണിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ കെവിന്‍ ഡിബ്രൂണേ (70) ലീഡ് ഇരട്ടിയാക്കി. 80,90 മിനുട്ടില്‍ ഡബിള്‍ കണ്ടെത്തി ഇംഗ്ലീഷ് താരം റഹീം സ്‌റ്റേളിങ് സിറ്റിയുടെ മത്സരിത്തിലെ ഗോള്‍ നേട്ടം നാലാക്കി. കളിതീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ ക്രിസ്റ്റിയന്‍ എറിക്‌സണ് സ്‌പേര്‍സിന്റെ ആശ്വാസ ഗോള്‍ നേടി.

അതേസമയം മുന്‍ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോമിന് പരാജയപ്പെടുത്തി. ജെസി ലിങ്ഗാര്‍ഡും റൊമേലു ലുക്കാക്കൂവുമാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി മാര്‍കോസ് അലോണ്‍സോയുടെ ഏക ഗോളില്‍ ജയിച്ചു കയറി. സതാംപ്ടണായിരുന്നു ചെല്‍സിയുടെ എതിരാളികള്‍. ന്യൂകാസിലിനെതിരെ ജര്‍മ്മന്‍ താരം മെസൂദ് ഓസിലിന്റെ ഗോളില്‍ ആഴ്‌സണലും പോയ വാരം ജയിച്ചു കയറി. എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബോണ്‍മൗത്തിനെ തരിപ്പണമാക്കി ലിവര്‍പൂള്‍ വിജയപാതയില്‍ തിരിച്ചെത്തി. ഫിലിപ്പ് കുടിഞ്ഞോ, ഡിജന്‍ ലോവ്‌റന്‍, റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്.

18 മത്സരങ്ങള്‍ പൂര്‍ത്തിയായ ലീഗില്‍ 17 ജയവുമായി അപരാജിത കുതിപ്പ്് തുടരുന്ന മാഞ്ചര്‍ സിറ്റി 52 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 41 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടും 38 പോയിന്റുള്ള ചെല്‍സി മൂന്നും സ്ഥാനങ്ങളിലാണ്. ലിവര്‍പൂള്‍ (34), ആര്‍സനല്‍ (33), ബേണ്‍ലി (32), ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍(31) എന്നീ ടീമുകള്‍ യഥാക്രമം നാലു മുതല്‍ ഏഴുവരെ സ്ഥാനങ്ങളിലാണ്.

chandrika: