X

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചന: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന്റെ ശുഭസൂചനയാണ് മതേതര ശക്തികള്‍ക്ക് നല്‍കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയെ വിറപ്പിച്ച തെരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ജനങ്ങള്‍ ബി.ജെ.പിയെ കയ്യൊഴിഞ്ഞു എന്നതിന്റെ തെളിവാണ് ഫലത്തില്‍ വ്യക്തമാകുന്നതെന്നും എം.പി പറഞ്ഞു.

അധികാരത്തില്‍ കടന്നുവരാന്‍ കഴിഞ്ഞില്ലെങ്കിലും മോദിയുടെ തട്ടകത്തില്‍ തന്നെ വന്‍ അക്രമണം നടത്താന്‍ മതതേര ശക്തികള്‍ക്ക് സാധിച്ചിരിക്കുന്നു. ഏതാണ്ട് ഒരു മാസം പ്രധാനമന്ത്രി ഗുജറാത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനം നടത്തിയിട്ടും പരാജയഭീതി മൂലം മോശം പ്രചരണതന്ത്രം എടുക്കുകയും ചെയ്തു. എന്നിട്ടും കഷ്ടിച്ച് കടന്നുകൂടി എന്നെ പറയാനുള്ളൂ. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സിന്റെ മതേതര സഖ്യം വന്‍വിജയമായി. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ മതേതര കൂട്ടായ്മ ഉയര്‍ന്നുവരുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഇനി വരുന്ന കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസും മതേതരകക്ഷികളും ചേര്‍ന്ന് ഒരു വന്‍മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. ഇങ്ങനെ പോയാല്‍ 2019 ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: