X

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ബി.ജെ.പി യുടെ നയങ്ങൾ ഇന്ത്യ എന്ന ബഹുസ്വര രാജ്യത്തിന് യോജിച്ചതല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂർ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.മണിപ്പൂരിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നതും, ആശങ്കപ്പെടുത്തുന്നതുമാണ്.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് കൊട്ടിഘോഷിച്ച് സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ വായിൽ സംസാരിക്കുന്ന ബി.ജെ.പി മണിപ്പൂരിലെ ഭീകരവും, അറപ്പുളവാക്കുന്നതുമായ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മറപിടിക്കുന്നത് അത്യന്തം അപലപനീയമായ കാര്യമാണ്.
അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഒരു ജനതക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ നീതി എന്ന് പറയുന്നത് ഭയ രഹിതരായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. അതില്ലാതെ മറ്റെന്ത്‌ ഉണ്ടായിട്ടും കാര്യമില്ല. ഭരിക്കപ്പെടുന്ന സമൂഹത്തിന് സമാധാനത്തിലും ഭയരഹിതരായും ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കൽ ഭരണകൂടത്തിന്റെ വലിയ ഉത്തരവാദിത്വമാണ്. അത്തരമൊരു ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ തീർത്തും പരാജയപ്പെട്ടിരിക്കുന്നു. അതിനോടുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നിസ്സംഗത ഭീതി ജനിപ്പിക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹിംസയുടെ രാഷ്ട്രീയമാണ് മണിപ്പൂരിലും ബി.ജെ.പി പ്രയോഗിക്കുന്നത്. മഹിതമായ ജനാധിപത്യ മൂല്യങ്ങളാണ് ഇതിലൂടെ അപകടപ്പെടുന്നത്. മണിപ്പൂരിന്റെ വർത്തമാന ചിത്രങ്ങൾ ലോകത്തിന് മുന്നിൽ ഈ മഹാരാജ്യത്തെ നാണം കെടുത്തിയിരിക്കുന്നു. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാൻ ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിന് സാധ്യമല്ല. ഒരു സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്ന് കയറുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. കുറ്റകരമായ മൗനം വെടിഞ്ഞ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം. പ്രധാന മന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങണം. അശാന്തിയുടെ തീ ആളിക്കത്തുന്ന മണിപ്പൂരിന്റെ മണ്ണിൽ സമാധാനം തിരിച്ചെടുക്കാൻ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

webdesk15: