X
    Categories: CultureMoreViews

നിരോധനത്തിനു ശേഷം തിരിച്ചെത്തിയ നോട്ട് ഇനിയും എണ്ണിക്കഴിഞ്ഞില്ലേ?: മന്‍മോഹന്‍ സിങ്

2016 നവംബറിലെ നിരോധനത്തിനു ശേഷം ബാങ്കുകള്‍ വഴി തിരിച്ചെത്തിയ 500, 1000 രൂപാ നോട്ടുകള്‍ ഇനിയും എണ്ണിക്കഴിഞ്ഞില്ലേ എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.

‘റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ സ്ഥാനത്തെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. പക്ഷേ, ആര്‍.ബി.ഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. നിരോധിക്കപ്പെട്ട നോട്ടുകള്‍ എണ്ണിത്തീരാന്‍ ഇത്രയധികം സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.’ – മന്‍മോഹന്‍ സിങ് പറഞ്ഞു.

‘ചെറുകിട വ്യാപാരങ്ങളെ തകര്‍ക്കുന്ന സമീപനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ടാക്‌സ് റെയിഡുകള്‍ മോദി സര്‍ക്കാറിന്റെ ദിനചര്യയായി മാറിയിരിക്കുന്നു. ബിസിനസ് സമൂഹം ഇക്കാര്യത്തില്‍ വളരെ അതൃപ്തരാണ്. നീരവ് മോദിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ശക്തമായ തീരുമാനങ്ങളെടുക്കുമെന്ന് 2015-ലും 16-ലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഡാവോസില്‍ നീരവ് മോദിക്കൊപ്പമായിരുന്നു പ്രധാനമന്ത്രി. ഇന്ധനവില അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ലോകവിപണിയില്‍ വില റെക്കോര്‍ഡ് താഴ്ചയിലെത്തിയിട്ടും ഇന്ത്യയില്‍ വില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല’ ഡോ. സിങ് പറഞ്ഞു.

‘രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ എതിരാളികള്‍ക്കെതിരെ സംസാരിക്കാന്‍ പ്രധാനമന്തരിപദം ഉപയോഗിച്ചിട്ടില്ല. എന്നാല്‍ മോദി എല്ലാ രാപകല്‍ ഭേദമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നത്. അതാണ്. ഒരു പ്രധാനമന്ത്രി ഇത്ര തരംതാഴുന്നത് രാജ്യത്തിന് നല്ലതല്ല.’

ബി.ജെ.പി സര്‍ക്കാറിന്റെ മോശം നയങ്ങളെ ചോദ്യം ചെയ്യുമ്പോഴൊന്നും കൃത്യമായ മറുപടികള്‍ ലഭിക്കാറില്ലെന്നും ‘ഉദ്ദേശ്യം നല്ലതാണ്’ എന്നു പറഞ്ഞ് ന്യായീകരിക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. വലിയ വെല്ലുവിളികള്‍ മുന്നിലുള്ളപ്പോള്‍ അവയെ നേരിടുന്നതിനു പകരം വിമര്‍ശകരെ ആക്രമിക്കുന്ന നയമാണ് ബി.ജെ.പി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: