X
    Categories: MoreViews

മാവോയിസ്റ്റ് ആക്രമണം, ഛത്തീസ്ഗഡില്‍ ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

 

റായ്പൂര്‍: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. കിസ്താരാമില്‍ നിന്നും പാലോഡിയിലേക്കു പോവുകയായിരുന്ന സി.ആര്‍.പി.എഫിന്റെ 212 ബറ്റാലിയനിലെ പട്രോള്‍ സംഘം സഞ്ചരിച്ചിരുന്ന കുഴിബോംബ് പ്രതിരോധ വാഹനം ഐ.ഇ.ഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തി തകര്‍ക്കുകയായിരുന്നുവെന്ന് സ്‌പെഷ്യല്‍ ഡി.ജി.പി ഡി.എം അശ്വതി അറിയിച്ചു. സ്‌ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകള്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലേക്കു മാറ്റിയതായും അദ്ദേഹം അറിയിച്ചു. ജവാന്മാരുടെ മരണത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. സി.ആര്‍.പി.എഫ് ഡി.ജിയോട് സുക്മയിലേക്കു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് എസ്.ഐ ആര്‍.കെ. എസ് തോമര്‍, കോണ്‍സ്റ്റബിള്‍മാരായ കുമാര്‍ യാദവ്, മനോരഞ്ജന്‍ ലങ്ക, ജിതേന്ദ്ര സിങ്, ശോഭിത് ശര്‍മ, മനോജ് സിങ്, ധര്‍മേന്ദ്ര സിങ്, ചന്ദ്ര എച്ച്.എസ്, ഹെഡ് കോണ്‍സ്റ്റബിള്‍ ലക്ഷ്മണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ജില്ലയാണ് സുക്മ. 2017 മാര്‍ച്ച് 11ന് ഇവിടെ 12 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
നക്‌സല്‍ ആക്രമണത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഭ്യന്തര സുരക്ഷ വഷളായതിന്റെ തെളിവാണിതെന്നും ആരോപിച്ചു.

chandrika: