X
    Categories: Views

മാവോയിസ്റ്റ് വേട്ട: സി.പി.എം പ്രതിരോധത്തില്‍

മാവോയിസ്റ്റുകളെ വേട്ടയാടിയ സംഭവത്തില്‍ സി.പി.എം പ്രതിരോധത്തില്‍. മനുഷ്യാവകാശത്തിന്റെ പേരില്‍ വധശിക്ഷയെ പോലും എതിര്‍ത്തുപോരുന്ന പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മാവോയിസ്റ്റുകളെ ഏകപക്ഷീയമായി കൊലപ്പെടുത്തിയെന്ന ആരോപണം ശക്തിയായി നിലനില്‍ക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍പോലും പാര്‍ട്ടി തയാറായിട്ടില്ല.സമ്മര്‍ദ്ദത്തില്‍ ഇന്നലെ വൈകി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ഇത് വരെ സര്‍ക്കാര്‍ നടപടി.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പ്രശ്‌നം പഠിക്കട്ടെ എന്നാണ് പറയുന്നത്. അതേസമയം, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും മൗനം പാലിക്കുകയാണ്. മാവോയിസ്റ്റുകളായ ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് സി.പി.എം നേതാക്കളാരും എത്തിയില്ല. അതേസമയം, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ എത്തുകയും ചെയ്തു.

സൗമ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കാത്തതില്‍ നാടെങ്ങും പ്രതികരണം ഉണ്ടായപ്പോള്‍ വധശിക്ഷക്ക് എതിരെ എം.എ ബേബിയെപ്പോലുള്ള സി.പി.എം നേതാക്കള്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. നിലമ്പൂര്‍ വനമേഖലയില്‍ വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന്്് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്്്. മാവോയിസ്റ്റുകളുടെ കൈവശം കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവര്‍ ഭക്ഷണം കഴിക്കുന്ന സമയമാണ് ആക്രമണം ഉണ്ടായതെന്നും പറയുന്നു. ഏതായാലും ഇടതുഭരണത്തിന്റെ കീഴില്‍ ഇത്തരമൊരു മനുഷ്യാവകാശ ധ്വംസനം നടന്നത് അംഗീകരിക്കാന്‍ പൊതുസമൂഹം തയാറല്ല.

അതുകൊണ്ടുതന്നെയാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാടും സി.പി.എമ്മിന് പ്രഹരമായിരിക്കുകയാണ്്്. ആരെയെങ്കിലും കൊലപ്പെടുത്തുന്നത് സംഘടനാപരമായും രാഷ്ട്രീയമായും ശരിയായ നടപടിയല്ലെന്ന്് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിനകം പലവട്ടം വ്യക്തമാക്കികഴിഞ്ഞു. അതേസമയം, സി.പി.എം നേതൃത്വം വാര്‍്ത്താക്കുറിപ്പ് ഇറക്കാന്‍പോലും ധൈര്യം കാണിച്ചിട്ടില്ല. പൊലീസിനെ സ്വന്തം ആവശ്യങ്ങള്‍ക്കായി നിയന്ത്രിക്കുന്ന പാര്‍ട്ടി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തീവ്രവാദ സംഘടനകളോട് മൃദുസമീപനമാണ് മുന്‍കാലങ്ങളില്‍ സി.പി.എം സ്വീകരിച്ചിരുന്നത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴാണ് അവരെ ആയുധം കൊണ്ട് നേരിടുകയും വധിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാറിന്റെ ദളിത്പീഡനത്തെപറ്റിയും ആദിവാസി ദ്രോഹത്തെ സംബന്ധിച്ചും മുറവിളി കൂട്ടുന്ന സി.പി.എം മാവോ വേട്ടയിലൂടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ അസന്നിഗ്ധ ഘട്ടത്തെ എങ്ങനെ നേരിടും എന്ന് പാര്‍ട്ടിക്ക് ഒരു പിടിയും കിട്ടുന്നില്ല. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ദളിത് വിഭാഗങ്ങളെ നയിക്കാന്‍ പ്രത്യേക സംഘടനയുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് ആശയങ്ങളുമായി മുന്നോട്ട് പോകുന്ന മറ്റൊരു സംഘടനയുടെ നേതാക്കളെ ഉന്മൂലനം ചെയ്തിരിക്കുന്നത്.

chandrika: