X

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്റ് നീട്ടി

കോഴിക്കോട്: മാവോവാദി നേതാവ് രൂപേഷിന്റെ റിമാന്റ് കാലാവധി സെപ്റ്റംബര്‍ ഒന്നു വരെ നീട്ടി. യു.എ.പി.എ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍. അനിതയാണ് കേസ് പരിഗണിച്ചശേഷം റിമാന്റ് നീട്ടിയത്. യു.എ.പി.എ പ്രകാരം പ്രതിയെ ഹാജരാക്കിയാല്‍ 30 ദിവസം വരെ റിമാന്റ് ചെയ്യാന്‍ വ്യവസ്ഥയുണ്ട്്്. കോയമ്പത്തൂര്‍ ജയലില്‍ നിന്ന് കനത്ത സുരക്ഷിയിലാണ് രൂപേഷിനെ കോഴിക്കോട്ട് എത്തിച്ചത്. കോയമ്പത്തൂര്‍ ജയിലില്‍ വിവിധ കേസുകളില്‍ വിചാരണ തടവുകാരനായി കഴിയുന്ന രൂപേഷിനെതിരെ വളയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കോഴിക്കോട്ട് പരിഗണിക്കുന്നത്. വിലങ്ങാട് വായാട് കോളനിയില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന് കുറ്റ്യാടി പൊലീസെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഇന്നലെ റിമാന്റ് നീട്ടിയത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ മാവോയിസ്റ്റ് വാള്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കാട്ടൂരിലാണ് മാവോയിസ്റ്റ് വാള്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ കാലത്താണ് സര്‍വ്വീസ് സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ പോസ്റ്റര്‍ കാണപ്പെട്ടത്. രക്തസാക്ഷി വാരാചരണത്തിന്റെ വിവരങ്ങളാണ് പോസ്റ്ററിലുള്ളത്. മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. ഈ ഭാഗത്ത് ധാരാളം അന്യ സംസ്ഥാന തൊഴിലാളികളും താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ പെരുമണ്‍ പുറയിലും ഇതേ മാതൃകയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

chandrika: