X

മരട് ഫ്‌ലാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി

കൊച്ചി: മരട് ഫ്‌ലാറ്റ് പൊളിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. ഫ്‌ലാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും ഭരണ സ്തംഭനമാണെന്നും കാണിച്ച് സര്‍ക്കാരിന് കത്തയച്ചു. അതേസമയം, ഫ്‌ലാറ്റ് പൊളിക്കാനുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ ഇന്ന് ചേരും.

മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്‌ലാറ്റ് പൊളിപ്പിക്കലിന് മാത്രമായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നുന നിയമനം. ഫ്‌ലാറ്റ് പൊളിക്കലിനുള്ള തുടര്‍നടപടിയുമായി സബ് കളക്ടര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്. സെക്രട്ടറി ചുമതലയില്‍ വന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപടുന്നില്ലെന്നാണ് കൗണ്‍സിലിന്റെ പരാതി.

ഫ്‌ലാറ്റ് പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയായ സബ് കളക്ടര്‍ സ്വീകരിക്കുന്ന നടപടികള്‍ ഭരണസമിതി അറിയാതെയാണ് എന്നാണ് നഗരസഭ ഭരണസമിതിയുടെ പരാതി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നേരത്തെ വിളിച്ച കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനും ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചെന്നും ഭരണസമതി കത്തില്‍ വ്യക്തമാക്കുന്നു. പ്രദേശിക ഭരണസമിതിയെ അപമാനിക്കുകയാണ് ഉദ്യോഗസ്ഥനെന്നും അടിയന്തര പരിഹാരം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

chandrika: