X

മരട് ഫ്‌ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

കൊച്ചി: മരട് ഫഌറ്റുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും താമസസൗകര്യം ഉറപ്പാക്കാനും സുപ്രീംകോടതി ഉത്തരവ്. പ്രാഥമികമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഇത് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് നാലാഴ്ചയ്ക്കുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ ഫഌറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടണമെന്നും സുപ്രീംകോടതി അറിയിച്ചു.

അതേസമയം, ഒക്ടോബര്‍ 11ന് കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നും ഇതിനായി 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. ഇത് മുഴുവന്‍ ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും. നാലാഴ്ചയ്ക്കകം ഫഌറ്റുടമകള്‍ക്ക് ഈ തുക സംസ്ഥാനസര്‍ക്കാര്‍ കൊടുത്തുതീര്‍ക്കണം. അതില്‍ പിഴവുണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, നഷ്ട പരിഹാരം ലഭിക്കുന്നത് വരെ ഫഌറ്റുകളില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം കോടതി തള്ളി. ജനങ്ങളെ കുടിയൊഴിപ്പിക്കാനല്ല, നിയമലംഘനം അവസാനിപ്പിക്കാനാണ് ഈ നടപടിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫഌറ്റുകളില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നവര്‍ക്ക് സര്‍ക്കാര്‍ അഭയകേന്ദ്രം ഒരുക്കണം. കോടതി വിധി പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

chandrika: