X
    Categories: indiaNews

ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് വധൂവരന്‍മാര്‍; പ്രക്ഷോഭ വേദിയില്‍ മകന്റെ വിവാഹം നടത്തി കര്‍ഷക നേതാവ്

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭ വേദിയില്‍ മകന്റെ വിവാഹം നടത്തി മധ്യപ്രദേശിലെ കര്‍ഷക നേതാവ്. മധ്യപ്രദേശിലെ അതിര്‍ത്തി ജില്ലയായ രേവയിലാണ് വിവാഹം നടന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ സാക്ഷിയാക്കിയായിരുന്നു വിവാഹം.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാറിന് നല്‍കുന്നതെന്ന് കര്‍ഷക നേതാവ് പറഞ്ഞു. ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു സചിന്റെയും അസ്മ സിങ്ങിന്റെയും വിവാഹം. ഭരണഘടനയെ സംരക്ഷിക്കുമെന്ന് വധൂവരന്‍മാര്‍ പ്രതിജ്ഞയെടുത്തു. കൂടാതെ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ബി.ആര്‍. അംബേദ്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും ചിത്രങ്ങള്‍ക്ക് ചുറ്റും പ്രദക്ഷിണം നടത്തുകയും ചെയ്തു.

വിവാഹ സമ്മാനമായി ലഭിച്ച പണവും സമ്മാനങ്ങളും കര്‍ഷക സംഘടനക്ക് കൈമാറി. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രക്ഷോഭത്തില്‍നിന്ന് പിന്മാറില്ലെന്ന് വരന്‍ സചിന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളായി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭവുമായി തമ്പടിച്ചിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

 

web desk 3: