X
    Categories: indiaNews

മൗലാനാ ആസാദ്- ഇന്ത്യന്‍ വിദ്യാഭ്യാസനയത്തിന്റെ ശില്‍പി

സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസവകുപ്പുമന്ത്രിയും ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും പ്രായംകുറഞ്ഞ അധ്യക്ഷനുമായ മൗലാനാ അബുല്‍കലാം ആസാദിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. ദേശീയ വിദ്യാഭ്യാസ ദിനമായാണ് ഇത് ആചരിക്കുന്നത്. 1888 നവംബര്‍ 11ന് മക്കയിലെ ഹിജാസിലായിരുന്നു ജനനം. പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസസമ്പ്രദായം രൂപപ്പെടുത്തിയതിന്റെ ബഹുമതി അബുല്‍കലാം ആസാദിനാണ്. സ്വാതന്ത്ര്യ സമരസേനാനി, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഇസ്ലാമികപണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ദേശീയത, മതനിരപേക്ഷത, ദേശീയോദ്ഗ്രഥനം, സാമുദായിക സൗഹാര്‍ദം തുടങ്ങിയ ആശയങ്ങളെക്കുറിച്ച് ധാരളമായി എഴുതിയിരുന്നു.
1912ല്‍ അല്‍-ഹിലാല്‍ എന്ന പേരില്‍ അദ്ദേഹം പ്രതിവാര ഉറുദുജേണല്‍ പ്രസിദ്ധീകരണം ആരംഭിച്ചു. അതിലൂടെ ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരെ പ്രതികരിച്ച അദ്ദേഹം ഇന്ത്യയിലെ മുസ്‌ലിംകള്‍ സ്വാതന്ത്ര്യത്തിനായുള്ള അഹിംസാത്മക പ്രചാരണത്തില്‍ മറ്റ് ഇന്ത്യക്കാരുമായി ഒന്നിച്ച് മുന്നേറാനുള്ള ആഹ്വാനം നടത്താനും പ്രസിദ്ധീകരണത്തെ ഉപയോഗപ്പെടുത്തി.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പ്രസിദ്ധീകരണം നിരോധിച്ചതോടെ അല്‍-ബഗാ’ഉ എന്ന പേരില്‍ മറ്റൊരു പ്രസിദ്ധീകരണം ആരംഭിച്ചു. ഇതും പിന്നീട് നിരോധിക്കപ്പെട്ടു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നേതാവായിരുന്നു. അലിഗഡ് ജാമിഅ മില്ലിയ സര്‍വകലാശാലയുടെ സ്ഥാപകരിലൊരാളാണ്. സയ്യിദ് ഗുലാം മുഹമ്മദ് എന്നാണ് യഥാര്‍ത്ഥപേര്.സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാലഘട്ടത്തില്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന അദ്ദേഹം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ മുന്‍ നിരയില്‍ നിന്ന് നയിക്കുകയും നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ആദ്യത്തെ ഐഐടി, ഐ.ഐ.എസ്.സി, സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് അഗ്രികള്‍ച്ചര്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍, എ.ഐ.സി.ടി.ഇ എന്നിവ സ്ഥാപിക്കപ്പെട്ടത്.രാജ്യത്ത് വിദ്യാഭ്യാസവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി എന്നിവ ആരംഭിക്കുന്നതിലും മൗലാന അബുല്‍കലാം ആസാദ് നിര്‍ണായക പങ്ക് വഹിച്ചു.അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് മരണാനന്തര ബഹുമതിയായി 1992 ല്‍ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചു.

PIC: AZAD WITH GANDHIJI AND PATEL

 

Chandrika Web: