X

‘മെഡിക്കല്‍ കോളേജ് കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’; തുറന്ന് പറഞ്ഞ് വി മുരളീധരന്‍

കോഴിക്കോട്:മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ നിലപാടും അറിയിക്കും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോഴയില്‍ നാളെ യോഗം നടക്കും.

ചില നേതാക്കന്‍മാരെക്കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുളള പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ തൃശൂരില്‍ നടക്കാനിരിക്കെയാണ് മുരളീധരന്റെ പ്രസ്താവന. യോഗത്തില്‍ മെഡിക്കല്‍ കോളേജ് കോഴയും റിപ്പോര്‍ട്ട് ചോര്‍ച്ചയും അച്ചടക്ക നടപടിയും ചര്‍ച്ചയാകുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പദയാത്ര മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

chandrika: