X

മെഡിക്കല്‍ കോഴയെക്കാള്‍ വന്‍ അഴിമതി; ബെമല്‍ ഓഹരിവില്‍പ്പന കാട്ടുകൊള്ളയും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി

കോഴിക്കോട്: ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) ഓഹരികള്‍ ചുളുവിലയ്ക്ക് വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ളയും കൊടും വഞ്ചനയുമെന്ന് എം.ബി രാജേഷ് എം.പി. മെഡിക്കല്‍ കോഴയെക്കാള്‍ വന്‍ അഴിമതിയാണിതെന്ന് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. ഇതുസംബന്ധിച്ച് അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയുടെ വിശദാംശങ്ങളും ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ട്.

അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്‍ക്കെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക എന്നും രാജേഷ് എം.പി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാപ്പര്‍ഹിക്കാത്ത കാട്ടുകൊള്ള എല്ലാവരും അറിയുക. ഈ കൊടും വഞ്ചനക്കും രാജ്യദ്രോഹത്തിനുമെതിരെ പ്രതികരിക്കുക. മെഡിക്കല്‍ കോഴയുടെ ആയിരം മടങ്ങുള്ള വന്‍ അഴിമതി ഇതാണ്.

ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. (ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് വെള്ളിയാഴ്ച ലഭിച്ച മറുപടി ഇവിടെ നല്‍കുന്നു. )

1. ബെമലിന്റെ ആകെ ഭൂമി 4191. 56 ഏക്കര്‍. ഇതില്‍ 2696. 63 ഏക്കര്‍ സ്വന്തം ഭൂമിയും 1494. 93 ഏക്കര്‍ പാട്ടഭൂമിയുമാണ്. ബാംഗ്ലൂര്‍, കോലാര്‍, ചെന്നൈ, മൈസൂര്‍, ന്യൂഡല്‍ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണിമൂല്യം 33170 കോടി. മോഡി സര്‍ക്കാരിന്റെ കണക്കില്‍ വെറും 92കോടി!
2. കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്തിന്റെ ഖജനാവിലേക്ക് ബെമല്‍ നികുതിയിനത്തില്‍ മാത്രം നല്‍കിയത് 6409. 89കോടി രൂപ. ഇക്കഴിഞ്ഞ വര്‍ഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാള്‍ 175കോടി കുറവാണ് മോഡി സര്‍ക്കാര്‍ കമ്പനിക്കാകെ കണക്കാക്കിയ വില എന്നുവരുമ്പോള്‍ ഈ പെരുംകള്ളന്മാരെ എന്തു വേണം ?
3. നികുതിക്ക് പുറമെ ഡീസന്റായി 76.10കോടി രൂപ വേറെയും ഖജനാവിന് കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നല്‍കി.
4. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണ്.

അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവര്‍ക്കെതിരെ രാജ്യസ്‌നേഹികള്‍ പ്രതികരിക്കുക. രാഷ്ട്രീയം മറന്നു ഒന്നിക്കുക.

chandrika: