X

കഠ്‌വ കേസ്: നീതിക്കായി പോരാടുന്നത് ഈ അഞ്ച് ധൈര്യശാലികളാണ്

ന്യൂഡല്‍ഹി: ടി.വി ചാനലുകളില്‍, പത്രത്താളുകളില്‍, സാമൂഹിക മാധ്യമങ്ങളില്‍, തുടങ്ങി തെരുവില്‍ വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം രാജ്യവും കടന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 17-നാണ് ജമ്മുവില്‍ കൊല്ലപ്പെട്ട ആസിഫയുടെ മൃതദേഹം കണ്ടെത്തുന്നത്.

ജമ്മുകാശ്മീരിലെ ബകര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍പെട്ട പെണ്‍കുട്ടിയാണ് ആസിഫ ബാനു. പൊലീസുകാരും ക്ഷേത്രപൂജാരിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആസിഫ കേസില്‍ രണ്ടു മാസത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് തുടര്‍നടപടികളുണ്ടാവുന്നത്. സഞ്ജി റാം, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരെന്ദര്‍ വെര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പര്‍വേഷ് കുമാര്‍, സഞ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വിശാല എന്നിവരാണ് ആസിഫ കേസിലെ പ്രതികള്‍. എന്നാല്‍ കേസില്‍ പ്രതികള്‍ക്കനുകൂലമായി ജമ്മു കാശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ രംഗത്തുവരികയും കേസില്‍ കുറ്റപത്രം രേഖപ്പെടുത്തുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തതും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

എന്നാല്‍ ഏറെ ഭീഷണികള്‍ക്കിടയിലും കേസ് പുറംലോകത്തെത്തിക്കാന്‍ അഞ്ചു ധൈര്യശാലികളാണ് മുന്നിട്ടിറങ്ങിയത്.

രാഹുല്‍ പണ്ഡിറ്റ- കേസിന്റെ ആദ്യദിനം മുതല്‍ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകനാണ് രാഹുല്‍ പണ്ഡിറ്റ. അദ്ദേഹത്തിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളാണ് രാജ്യത്തിനു മുന്നില്‍ ആസിഫക്കു നേരിട്ട ദുരന്തം വെളിപ്പെടുത്തിയത്. കേസിലെ പ്രധാനപ്പെട്ട തെളിവുകളും രാഹുലിന്റെ റിപ്പോര്‍ട്ടുകളാണ്.

ദിപീക സിങ് രജാവത് ആസിഫകേസില്‍ വാദിക്കാനെത്തുന്ന അഭിഭാഷകയാണ് ദീപിക സിങ് രജാവത്. ഒട്ടേറെ ഭീഷണികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ദീപിക കേസ് ഏറ്റെടുക്കുന്നത്. താന്‍ കൊല്ലപ്പെടാനും ബലാത്സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് സുപ്രീംകോടതിക്കുമുന്നില്‍ ദീപിക വെളിപ്പെടുത്തിയതനുസരിച്ച് ദീപികക്ക് സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

രമേഷ്‌കുമാര്‍ ജെല്ല-അന്വേഷണ ഉദ്യോഗസ്ഥനായ രമേഷ്‌കുമാര്‍ ജെല്ലയുടെ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാണ്. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് അതിവേഗ കോടതിയില്‍ കേസ് വിചാരണക്കെത്തിക്കാന്‍ ക്രൈം ബ്രാഞ്ച് എസ്എസ്പിയായ അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കിയത്.

താലിബ് ഹുസൈന്‍ പ്രാദേശിക അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ താലിബ് ഹുസൈനാണ് കേസില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തി. കഴിഞ്ഞ രണ്ടുമാസത്തോളമായി കേസില്‍ നീതിക്കുവേണ്ടി പരിശ്രമിച്ച അദ്ദേഹത്തെ ഉത്തംപൂരില്‍ ഒരുകൂട്ടമാളുകള്‍ ശാരീരിരമായി ആക്രമിച്ചിരുന്നു.

ആസിഫ കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജമ്മു ചേംമ്പര്‍ ഓഫ് കോമേഴ്‌സും രംഗത്തെത്തിയിരുന്നു. ആസിഫയുടെ നീതിക്കുവേണ്ടി പിന്തുണക്കുന്നുവെന്ന് വാര്‍ത്താസമ്മേളനം നടത്തി അവര്‍ പ്രഖ്യാപിച്ചിരുന്നു. ആസിഫ കൊല്ലപ്പെട്ട പ്രദേശമുള്‍പ്പെടെ അഞ്ചംഗ സംഘം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിച്ച് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

chandrika: