X
    Categories: CultureMoreViews

ബലാല്‍സംഗ കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാര്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരെന്ന് പഠന റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നീ സംഘടനകള്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 4896 കേസുകളാണ് ജനപ്രതിനിധികളുടെ പേരിലുള്ളത്. ഇതില്‍ 4845 കേസുകളിലെ പ്രതികള്‍ നിലവില്‍ എം.പിമാരോ എം.എല്‍.എമാരോ ആണ്.

എം.പിമാരും എം.എല്‍.എമാരും അടക്കം രാജ്യത്തെ 1580 ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 48 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരിലുള്ളതാണ്. ഇതില്‍ 12 കേസുകളിലും ബി.ജെ.പിയുടെ ജനപ്രതിനിധികളാണ് പ്രതികള്‍. എഴുപേര്‍ പ്രതികളായ ശിവസേനയാണ് രണ്ടാമത്. ആറുപേര്‍ പ്രതികളായ തൃണമൂല്‍ കോണ്‍ഗ്രസാണ് മൂന്നാംസ്ഥാനത്ത്.

അവസാന അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പ്രതികളായവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതില്‍ ബി.ജെ.പിയാണ് ഒന്നാമതുള്ളത്. ബി.ജെ.പിയുടെ 47 സ്ഥാനാര്‍ഥികള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമകേസുകളില്‍ പ്രതികളായവരാണ്.

മഹാരാഷ്ട്രയിലാണ് സ്ത്രീകളെ അക്രമിച്ച കേസുകളിലെ പ്രതികള്‍ ഏറ്റവും കൂടുതല്‍ ജനപ്രതിനിധികളായിട്ടുള്ളത്. ഇവിടെ 12 പേര്‍ ഇത്തരം കേസുകളില്‍ പ്രതികളാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ്യ, എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ബലാല്‍സംഗം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, ബാലാവേശ്യാവൃത്തിക്കായി കുട്ടികളെ വിലകൊടുത്ത് വാങ്ങല്‍, ഗാര്‍ഹിക പീഡനം, വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തപ്പെട്ടിട്ടുള്ളത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: