kerala

കരിപ്പൂര്‍ വിമാനാപകടം;ഒടുവില്‍ മലപ്പുറത്തെ വാനോളം പുകഴ്ത്തി മേനക ഗാന്ധി

By Test User

August 18, 2020

കൊണ്ടോട്ടി: പരിമിതികളും തടസങ്ങളും വകഞ്ഞു മാറ്റി കരിപ്പൂര്‍ വിമാനാപകടം നടന്നയുടന്‍ സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്ക് നാനാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദപ്രവാഹമായിരുന്നു. മലപ്പുറം ജനതയുടെ നന്മ മനസിനെ പ്രശംസിച്ച് ഒടുവില്‍ ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയും രംഗത്തെത്തി. മുസ്ലിം യൂത്ത് ലീഗ് നേതാവ് നല്‍കിയ ഇ-മെയില്‍ സന്ദേശത്തിനു മറുപടി ആയാണ് മേനക ഗാന്ധിയുടെ അഭിന്ദനം.

കരിപ്പൂര്‍ വിമാനദുരന്തമുണ്ടായപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന തരത്തിലാണ് രക്ഷാപ്രവര്‍ത്തനവുമായി മലപ്പുറത്തെ ജനങ്ങള്‍ എത്തിയത്. ഈ മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നു. ഇത് നിലനിര്‍ത്തണമെന്നും മേനക ഇ – മെയില്‍ സന്ദേശത്തില്‍ പറയുന്നു. മേനക ഗാന്ധിക്ക് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അയച്ച ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് മലപ്പുറത്തെ പ്രശംസിച്ചത്.

മുമ്പ് പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്തു കഴിച്ചു ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂര്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയില്‍ അയച്ചിരുന്നു