X

ഗോവയില്‍ ബി.ജെ.പിക്ക് തിരിച്ചടി: സര്‍ക്കാറിനുള്ള പിന്തുണ എം.ജി.പി പിന്‍വലിച്ചു

ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍

പനജി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയില്‍ ബി.ജെ.പി സര്‍ക്കാറിന് കനത്ത തിരിച്ചടി. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി(എം.ജി.പി) ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. സഖ്യവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എം.ജി.പിയുടെ രണ്ട് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് പിന്തുണ പിന്‍വലിച്ചത്. 40 അംഗ നിയമസഭയില്‍ എം.ജി.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്.

തങ്ങളുടെ മൂന്ന് പേരും ലക്ഷമികാന്ത് പര്‍സേക്കറിന്റെ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായുള്ള കത്ത് ഗവര്‍ണര്‍ക്ക് കൈമാറായിതായി പാര്‍ട്ടി പ്രസിഡ്ന്റ് ദീപക് ദാല്‍വികര്‍ പറഞ്ഞു. എം.ജി.പി പിന്തുണ പിന്‍വലിച്ചതോടെ ബി.ജെ.പിയുടെ പിന്തുണ 21 ആയി ചുരുങ്ങി. ഫെബ്രുവരി നാലിനാണ് ഗോവയില്‍ തെരഞ്ഞെടുപ്പ്. ഭരണ വിരുദ്ധ വികാരം പേറുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവും എം.ജി.പി പന്തുണ പിന്‍വലിച്ചത്.

ഗോവയിലെ പ്രാദേശിക രാഷ്ട്രീയത്തിലെ പ്രബല കക്ഷിയാണ് മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടി. ആര്‍.എസ്.എസില്‍ നിന്ന് പുറത്തുപോയ സുഭാഷ് വെലിങ്കര്‍ നേതൃത്വം നല്‍കുന്ന ഗോവ സുരക്ഷ മഞ്ചു(ജി.എസ്.എം) മായി സഖ്യമുണ്ടാക്കാനാണ് എം.ജി.പിയുടെ നീക്കമെന്നറിയുന്നു. കേന്ദ്രമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ഗോവയില്‍ വന്‍ പ്രചാരണമാണ് നടത്തുന്നത്.

chandrika: