X

ട്രംപിനെ പേരെടുത്ത് പറയാതെ മിഷേല്‍ ഒബാമയുടെ വൈകാരിക പ്രസംഗം; ഹിലരിക്കു മുന്‍തൂക്കം

യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനു വേണ്ടി പ്രസിഡണ്ട് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ന്യൂ ഹാംഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണു വേണ്ടി നടത്തിയ വൈകാരികമായ പ്രസംഗം രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ശ്രോതാക്കളുടൈയും കയ്യടി നേടി. ഹിലരിയുടെ പ്രചരണത്തിലെ നിര്‍ണായക വഴിത്തിരിവ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മിഷേലിന്റെ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇത് വൈറലായി.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച മിഷേല്‍, യു.എസ്സിലെ വനിതകളുടെ പ്രതിനിധി എന്ന നിലക്കാണ് പ്രസംഗിച്ചത്. അതേസമയം, തുടര്‍ച്ചയായ വിവദങ്ങളില്‍ അകപ്പെടുന്ന ട്രംപിന്റെ പേര് ഒരിക്കല്‍പ്പോലും അവര്‍ പരാമര്‍ശിച്ചില്ല.

പ്രസക്ത ഭാഗങ്ങള്‍:

  • ‘അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനത്തിനായി മത്സരിക്കുന്ന ഒരു സ്ഥനാര്‍ത്ഥി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നിനെപ്പറ്റി വീമ്പടിക്കുന്നു എന്ന് ഞാന്‍ പറയുന്നുവെന്ന് എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല. അതേപ്പറ്റി ചിന്തിക്കാതിരിക്കാനും എനിക്ക് കഴിയുന്നില്ല.’
  • ‘ഇതൊരിക്കലും സാധാരണമല്ല. ഇത് സാധാരണ രാഷ്ട്രീയമല്ല. ഇത് അപമാനമാണ്. വെച്ചു പൊറുപ്പിക്കാനാവാത്തതാണ്.’
  • ‘എനിക്ക് പരിചയമുള്ള പുരുഷന്മാരൊന്നും സ്ത്രീകളെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നവരല്ല. കരുത്തരും മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നവരുമായ പുരുഷന്മാര്‍ക്ക്, തങ്ങള്‍ കരുത്തരാണെന്ന് തെളിയിക്കാന്‍ സ്ത്രീകളെ അപമാനിക്കേണ്ടി വരാറില്ല.’
  • ‘സാധാരണ കാര്യം എന്ന പോലെ പരവതാനിക്കടിയിലേക്ക് അടിച്ചുവാരിക്കൂട്ടാവുന്ന ചെറിയ കാര്യമല്ല ഇതൊന്നും. കരുത്തനായ ഒരു വ്യക്തി സ്വതന്ത്രനായി സ്ത്രീകളെ പീഡിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ്…. നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ ഇക്കാര്യം കാണിച്ചുകൊടുക്കാന്‍ നമുക്ക് കഴിയില്ല…’
  • ‘നാം എല്ലാവരും എഴുന്നേറ്റു നിന്ന് ‘ഇത്രയും മതി’ എന്ന് പറയാനുള്ള സമയായിരിക്കും. ഇതിവിടെ നിര്‍ത്തണം…’

 

chandrika: