X
    Categories: keralaNews

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പരിശോധന: കെട്ടിട ഉടമയ്ക്ക് കാൽലക്ഷം രൂപ പിഴയിട്ടു

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ എടവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വാടക ക്വാർട്ടേഴ്‌സ് വൃത്തിഹീനമായി പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന വിധത്തിൽ അലക്ഷ്യമായി പരിപാലിച്ച കെട്ടിട ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴയിട്ടു.
എടവണ്ണ പഞ്ചായത്ത് പരിധിയിലെ പാണ്ടിയാട് വാർഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ മാലിന്യം ഒഴിവാക്കാൻ കാര്യമായ സൗകര്യം ഒരുക്കാതിരുന്നതും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും മാലിന്യങ്ങൾ മറ്റു സ്ഥലങ്ങളിൽ തള്ളാനായി കൂട്ടിയിട്ടതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ എം. സന്തോഷ് കുമാർ പറഞ്ഞു. വരുംദിവസങ്ങളിലും പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരും.
പ്രദേശത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായി നിരന്തരം പരാതി ലഭിച്ചിരുന്നു. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ഹരിത കർമ്മ സേന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ഇതേ തുർന്നാണ് പരിശോധന കർശനമാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി അൻവർ, വാർഡ് മെമ്പർമാരായ ജിജിന ഉണ്ണികൃഷ്ണൻ, പി മുനീർ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.

Chandrika Web: