X

“വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ് നബി”; നബിദിനാശംസ നേര്‍ന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍

ലോക പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍ താന്‍ കണ്ട ഒരു ദൃശ്യം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കുലൂടെ പങ്കുവെച്ചായിരുന്നു നോവലിസ്റ്റിന്റെ ആശംസ. കൂട്ടത്തില്‍ അദ്ദേഹം തന്നെ പാടിയ ഒരു പാട്ടും വിശ്വാസികള്‍ക്കായി സുഭാഷ് ചന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം…

നബിദിനാശംസകൾ!
ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനമാണ് ഇന്ന്. മനുഷ്യരാശിയുടെ മൃഗസമാനമായ ജീവിതത്തെ മനുഷ്യത്വത്തിലേക്ക്‌ ഉയർത്താൻ യുഗങ്ങൾ തോറും പിറക്കുന്ന കരുണാമൂർത്തികളിൽ ഒരാൾ. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ്‌ നബി.
അത്തരം മഹത്തുക്കൾ കാലാകാലങ്ങളിൽ ലോകത്തിൽ എല്ലായിടത്തും പിറന്നു ജീവിച്ചു മരിച്ചു. നബിയായും ക്രിസ്തുവായും ശ്രീരാമനായും ബുദ്ധനായും ഗാന്ധിയായും അവർ വന്നു. നമ്മൾ അവർ മരിക്കും വരെ ക്ഷമയോടെ കാത്തുനിന്നു. പിന്നെ അവരുടെ പേരിൽ സംഘങ്ങളുണ്ടാക്കി പഴയമട്ടിൽ നമ്മുടെ മൃഗീയത തുടർന്നു.
പ്രിയരേ, ഈ നബിദിനപ്പുലർച്ചയിൽ മുകൾനിലയിലെ എന്റെ കിടപ്പുമുറിയിലൂടെ മുറ്റത്തെ പ്ലാവിന്റെ മേച്ചില്ലകൾ നോക്കി വെറുതെ നിൽക്കുമ്പോൾ പടച്ച തമ്പുരാൻ എന്നെ ഒരു ദൃശ്യം കാണിച്ചുതന്നു. ചില്ലകൾക്കിടയിൽ വലയുണ്ടാക്കി സ്വസ്ഥമായി പ്രാതലിനു കാത്തിരിക്കുന്ന ചിലന്തികളും പ്ലാവിൽ പാഞ്ഞുനടക്കുന്ന രണ്ട്‌ അണ്ണാറക്കണ്ണന്മാരും ചേർന്ന് വലിയൊരു പാഠം പഠിപ്പിച്ചുതന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്‌ ഉഴറിയോടുമ്പോഴും ആ അണ്ണാറക്കണ്ണന്മാർ അറിയാതെ പോലും വട്ടം നിൽക്കുന്ന ചിലന്തികളുടെ വല പൊട്ടിക്കുന്നില്ല! സ്വന്തം കൊറ്റു തേടിയുള്ള പരക്കം പാച്ചിലിനിടയിലും മറ്റൊരുവന്റെ സ്വാസ്‌ഥ്യത്തിൽ തലയും കാലും വാലും മുട്ടാതിരിക്കാൻ അവ ശ്രദ്ധിക്കുന്നു!
ദൈവമേ നീയെത്ര വലിയവൻ എന്ന് കമ്യൂണിസ്റ്റുമനസ്സുള്ള എന്നെക്കൊണ്ടും ഈ ക്ഷുദ്രജന്മങ്ങൾ പറയിപ്പിക്കുന്നു! പ്ലാവാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം പ്ലാവിൽ നിന്നു മുഴങ്ങുന്നു.
ഈ പാട്ട്‌ ഞാൻ ഇതാ ആ കാഴ്ച്ചയിൽ നിന്നു പാടിയതാണ്. മനുഷ്യൻ എന്തെന്നറിയാവുന്നവരും ദൈവം എന്തെന്നറിയുന്നവരും ഇതു കേൾക്കുക. കാരണം അതറിയാവുന്ന വലിയൊരാളുടെ ജന്മദിനമാണിന്ന്. ആ വലിയ പേരിനെ, ആ വലിയ നേരിനെ വെറുക്കാതിരിക്കുക. വെറുപ്പിക്കാതിരിക്കുക

chandrika: