X
    Categories: gulfNews

ഇരുഹറമുകളിലും ചരിത്രം രചിച്ച് ജനലക്ഷങ്ങൾ;സഊദിയിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച്ച

അഷ്‌റഫ്‌ വേങ്ങാട്ട്

മക്ക: ഒരു മാസത്തെ അനുഗ്രഹീതമായ ദിനരാത്രങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് റമസാൻ മുപ്പത് പൂർത്തിയാക്കി സഊദിയിൽ മെയ്‌ രണ്ടിന് തിങ്കളാഴ്ച ഈദുൽ ഫിത്വർ.ശവ്വാൽ മാസപിറവി ദൃശ്യമാകാത്തതിനാൽ തിങ്കളാഴ്ചയാകും ചെറിയപെരുന്നാളെന്ന് സഊദി സുപ്രിം കൗൺസിൽ അറിയിച്ചു.
കോവിഡിന്റെ പ്രതിസന്ധി മൂലം രാജ്യത്തെ സ്വദേശികളും വിദേശികളും ഒരിടവേളക്ക് ശേഷമാണ് ആഹ്‌ളാദത്തോടെയുള്ള ചെറിയപെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്നത്. രാജ്യത്ത് കാലാവസ്ഥ മോശമുള്ള ഭാഗങ്ങളിൽ ഈദ് ഗാഹുകൾക്ക് പകരം പള്ളികളിലാവും ഈദ് നിസ്കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു . മറ്റു ഭാഗങ്ങളിൽ ഈദ് ഗാഹുകളിലായിരിക്കും നിസ്കാരം.

പുണ്യമാസത്തിൽ ആരാധന കർമ്മങ്ങൾക്കെത്തിയവരുടെ എണ്ണത്തിൽ ചരിത്രം രചിക്കുകയാണ് ഇത്തവണ വിശുദ്ധ ഹറമുകൾ. മക്കയിലെ മസ്ജിദുൽ ഹറമിൽ മാത്രം പത്തൊമ്പത് മില്യൺ പേരാണ് ഈ റമസാൻ കാലയളവിൽ ഒഴുകിയെത്തിയത്.മദീനയിലെ മസ്ജിദുന്നബവിയിലും തത്തുല്യമായ എണ്ണം തീർത്ഥാടകർ പങ്കാളികളായതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ കൂടാതെ പെരുന്നാൾ അവധിയും വാരാന്ത്യ അവധിയും ഉപയോഗപ്പെടുത്തി സഊദിയിലുള്ള സ്വദേശികളും വിദേശികളും ഇരുഹറമുകളിലേക്കുമായി പ്രവഹിച്ചു.

ശ്രേഷ്ടമായ രാവിനെ പ്രതീക്ഷിക്കുന്ന ഇരുപത്തി ഒമ്പതാം രാവും ഖത്മുൽ ഖുർആനും റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഒത്തുവന്നപ്പോൾ ഇരുഹറമുകളും ജനലക്ഷങ്ങളുടെ സാന്നിധ്യം മൂലം വീർപ്പുമുട്ടുകയായിരുന്നു . ജുമുഅ നിസ്‌കാരത്തിനെത്തിയവർ തറാവീഹിന് ശേഷമുള്ള ഖത്മുൽ ഖുർആൻ പ്രാർത്ഥനയിലും ഇരുപത്തിഒമ്പതാം രാവിലെ ഖിയാമുൽ ലൈൽ നിസ്കാരത്തിലും ദുആയിലും സംഗമിച്ചു.

മക്കയിൽ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന ലോകം നേരിടുന്ന സകലമാന പ്രതിസന്ധികളിൽ നിന്നും മോചനം നേടാനുള്ള സൃഷ്ടാവിനോടുള്ള യാചനയായി. പുണ്യഗേഹത്തെ സാക്ഷിനിർത്തി പൊട്ടിക്കരഞ്ഞ ശൈഖ് സുദൈസിന്റെ ഭക്തിനിർഭരമായ പ്രാർത്ഥനയിൽ ആരാധകവൃന്ദം മിഴിനീരൊഴുക്കി നെഞ്ചിടറി അണിചേർന്നു . സഊദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ, തുടങ്ങിയവരും തറാവീഹിലും ഖിയാമുൽ ലൈൽ നിസ്കാരത്തിലും പങ്കാളികളായി. തുർക്കി പ്രസിഡണ്ട്‌ ഉറുദുഗാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ്‌ ഷഹബാസ് ശരീഫ് എന്നിവരും ഹറമിലെത്തി.

മദീനയിൽ ഖത്മുൽ ഖുർആൻ പ്രാർത്ഥനക്ക് ശൈഖ് സലാഹ് അൽ ബുദൈർ നേതൃത്വം നൽകി. റൗളയെ സാക്ഷിയാക്കി റബ്ബിന്റെ പ്രീതി തേടി പൊട്ടിക്കരഞ്ഞു വിശ്വാസികൾ. പ്രവാചക നഗരിയിൽ ഇക്കൊല്ലത്തെ റമസാനിലെ ജനപങ്കാളിത്തവും അപൂർവമാണ്.

web desk 3: