X

ഖത്തറില്‍ വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത; നീക്കം ചെയ്തത് മില്യന്‍ ഗാലനിലധികം വെള്ളം

ദോഹ: ഖത്തറില്‍ കഴിഞ്ഞദിവസമുണ്ടായ മഴയെത്തുടര്‍ന്ന് റോഡുകളിലും മറ്റും കെട്ടിക്കിടന്ന വെള്ളം മുനിസിപ്പാലിറ്റി അധികൃതര്‍ നീക്കം ചെയ്തു.കുറഞ്ഞസമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തു മില്യണിലധികം ഗാലന്‍ മഴവെള്ളമാണ് നീക്കം ചെയ്തത്. വിവിധ മുനിസിപ്പാലിറ്റികളില്‍ മഴയെ തുടര്‍ന്നുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രൂപീകരിച്ച സംയുക്ത സമിതിയുടെ നേതൃത്വത്തിലായിരുന്നു വെള്ളം നീക്കം ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറുവരെയാണ് 10,183,710,ഗാലന്‍ മഴ വെള്ളം റോഡുകളില്‍നിന്നും താഴ്ന്നപ്രദേശങ്ങളില്‍നിന്നുമായി നീക്കംചെയ്തതെന്ന് പൊതുശുചിത്വ വിഭാഗം ഡയറക്ടറും സംയുക്ത കമ്മിറ്റിയുടെ തലവനുമായ സഫര്‍ മുബാറക് അല്‍ ശാഫി പറഞ്ഞു.കഴിഞ്ഞ ദിവസം ഏറ്റവുമധികം ലഭിച്ചത് റാസ് ഫാനില്‍. 15.9 മില്ലി മീറ്റര്‍. ഗുവൈരിയ (13.7 , റുവൈസ് (11. 6), ഉം ബാബ് (10.9) എന്നിവിടങ്ങളിലും സാമാന്യം നന്നായി മഴ പെയ്തു. ദോഹയില്‍ 9.8, ഷഹാനിയ 9.3, ദുഖാന്‍ 8.8, ഹമദ് വിമാനത്താവളം 8.1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ തോത്. വരുംദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ താപനില 16 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ മെറ്റീരിയോളജി വകുപ്പ് തലവന്‍ അബ്ദുല്ല അല്‍മന്നായി പറഞ്ഞു. തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. രാജ്യത്തുടനീളം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
കാഴ്ചാ പരിധി 4 കിലോമീറ്ററിനും 8 കിലോമീറ്ററിനും ഇടയിലുമായിരിക്കും. മഴവെളളം നീക്കം ചെയ്യുന്നതിനായി 424 ടാങ്കര്‍ ലോറികള്‍ 2,325 ട്രിപ്പ് സര്‍വീസ് നടത്തി. 522 തൊഴിലാളികളാണ് ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളായത്. വെള്ളക്കെട്ടുകളെ കുറിച്ച 58 പരാതികളും ലഭിച്ചു. ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും സഹകരിച്ചു. ഹൈവേ, റോഡുകള്‍, സബ്‌വേകള്‍, സ്‌കൂളുകള്‍,സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി വളരെ നേരത്തെതന്നെ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ജോയിന്റ് കമ്മിറ്റി ഓഫ് കോംബാറ്റിങ് റെയിന്‍വാട്ടര്‍ എമര്‍ജന്‍സീസ് ആന്റ് റിസ്‌ക്‌സിന്റെ യോഗം മഴക്കാല സീസണിനു വളരെ മുമ്പുതന്നെ ചേര്‍ന്നിരുന്നു. വെള്ളക്കെട്ടുകള്‍ രൂപപ്പെടാനിടയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയല്‍, ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കല്‍, എല്ലാ മുനിസിപ്പാലിറ്റികളിലെയും ബന്ധപ്പെട്ട ജീവനക്കാര്‍, മെഷീനറികള്‍, ഉപകരണങ്ങള്‍, വെള്ളം നീക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വര്‍ക്ക് ടീമുകളെ സജ്ജമാക്കല്‍ എന്നിവയ്ക്കായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാലുമായും മറ്റു ബന്ധപ്പെട്ട അതോറിറ്റികളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനായി ഒരു പ്രത്യേക വര്‍ക്ക്ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പൊതുശുചിത്വവിഭാഗം ഡയറക്ടറും മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ വിഭാഗം മാനേജറുമായ സഫര്‍ മുബാറക്ക് അല്‍ഷാഫിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. മുനിസിപ്പല്‍ സര്‍വീസ് വകുപ്പ് , പബ്ലിക് റിലേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പ് എന്നിവയുടെ ഡയറക്ടര്‍മാര്‍, മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, അശ്ഗാലിലെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഓഫ് സ്വിവറേജ് നെറ്റ്വര്‍്ക്ക് ഡയറക്ടര്‍, ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെയും ആഭ്യന്തര സുരക്ഷാസേന- ലഖ്‌വിയയിലെയും ഓരോ പ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മഴയ്ക്കു മുന്നോടിയായി അധികൃതര്‍ ഖത്തറിലെ അഴുക്കുചാലുകളിലെ തടസ്സങ്ങള്‍ മുഴുവന്‍ നീക്കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞാല്‍ വെള്ളം പമ്പ് ചെയ്തു നീക്കാനാവശ്യമായ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ഇതിനാവശ്യമായ പമ്പ്‌സെറ്റുകള്‍, ടാങ്കറുകള്‍, രാത്രിയിലും ജോലികള്‍ മുടക്കമില്ലാതെ തുടരാന്‍ ആവശ്യമായ ജനറേറ്ററുകള്‍ എന്നിവയെല്ലാം ദുരിതനിവാരണസംഘം സജ്ജമാക്കിയിട്ടുണ്ട്. 2015 നവംബര്‍ 25ന് അതിശക്തമായ മഴയില്‍ ഖത്തറിലെ വഴികളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ സാഹചര്യത്തില്‍ മഴക്കാലമുന്നൊരുക്കത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

chandrika: