X

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല കത്ത് നല്‍കി

തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി ഇടതുസര്‍ക്കാര്‍ വ്യാപകമായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വകുപ്പായ പി.ആന്റ്.ആര്‍.ഡിയെ ഉപയോഗിച്ച് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എന്ന പേരില്‍ വ്യാപകമായി ലഘുലേഖകള്‍ സംസ്ഥാനത്ത് മുഴുവനും വിതരണം ചെയ്യുകയാണ്. സര്‍ക്കാര്‍ വകുപ്പ് തയ്യാറാക്കുന്ന ലഘുലേഖകള്‍ ഭരണമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് വിതരണം ചെയ്യുന്നത്. അതോടൊപ്പം മന്ത്രിമാര്‍ വ്യാപകമായ തോതില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും അത് മൂലമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ് അക്കൗണ്ടിലൂടെ വിവിധ നിയോജകമണ്ഡലങ്ങളില്‍ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തിയതും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പ്രചരണങ്ങളുടെ ഉത്തമ ഉദാഹരമാണെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന നഗ്‌നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം തടയാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിരമായ ഇടപെടല്‍ വേണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

web desk 1: