X

ജനത്തെ വരിഞ്ഞു മുറുക്കുന്ന ബജറ്റ്: മുനീര്‍

സാധാരണ ജനങ്ങളെ വരിഞ്ഞു മുറുക്കുന്നതാണ് ബജറ്റെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. വെറും അധരവ്യായാമമായ ബജറ്റ്, കേരളത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എതിരാളികളെ ആക്ഷേപിക്കാനും വിമര്‍ശിക്കാനും ഇടതുപാര്‍ട്ടികള്‍ പതിവായി ഉന്നയിച്ചിരുന്ന ‘കോര്‍പറേറ്റ്, ബഹുരാഷ്ട്ര കുത്തക’ തുടങ്ങിയ പദപ്രയോഗങ്ങള്‍ വളരെ പച്ചക്ക് ഉപയോഗിച്ച ബജറ്റാണ് തോമസ് ഐസകിന്റേതെന്ന് മുനീര്‍ ചൂണ്ടിക്കാട്ടി. എപ്പോഴും പൊതിഞ്ഞു പറയാന്‍ ശ്രമിച്ചിരുന്ന കോര്‍പറേറ്റ് വിധേയത്വം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നു. ‘കോര്‍പറേറ്റ് നിക്ഷേപം കേരളത്തില്‍ നിന്ന് വഴിമാറി ഒഴുകുകയാണെന്നാണ്’ ബജറ്റിലെ തന്നെ പരാമര്‍ശം. ഇനി കേരളത്തെ രക്ഷിക്കാന്‍ കോര്‍പറേറ്റുകളേ ഉള്ളൂ എന്ന നിലയിലാണ് അവതരണം. ഇവര്‍ക്ക് മാത്രമേ ഇനി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുവെന്നാണ് ധനമന്ത്രി പറയുന്നത്. എല്ലാ പദ്ധതികള്‍ക്കും കിഫ്ബി സഹായമുണ്ടാകുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കിഫ്ബിയെ ആര് സഹായിക്കുമെന്ന് പറഞ്ഞിട്ടില്ല. നവ കേരള സൃഷ്ടിക്കായി പുതിയ പദ്ധതികളൊന്നുമില്ല. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുകയായിരുന്നു. ബജറ്റിലെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.



chandrika: