X

ബന്ധുനിയമനം: കെ.ടി ജലീലിന് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് എം.കെ മുനീര്‍

കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍ എം.എല്‍.എ. കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതമാണെന്നും ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മുനീര്‍ പറഞ്ഞു. ഫേസബുക്കിലൂടെയാണ് മുനീര്‍ വിവാദവിഷയത്തില്‍ പ്രതികരണം നടത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കെ.ടി ജലീലിന്റേത് സ്വജനപക്ഷപാതം !
ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല!

കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തി ബന്ധു നിയമനം സംബന്ധിച്ച അന്വേഷണം നടത്തണം എന്നതാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കാരണം മന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചതിനെക്കാള്‍ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്.

കേരള സ്‌റേററ്റ് മൈനോറിറ്റി ഫിനാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത പിതൃ സഹോദരപുത്രന് നിയമനം നല്‍കാന്‍ വിദ്യഭ്യാസ യോഗ്യത ചേര്‍ത്ത് വിജ്ഞാപനമിറക്കുക. ഗവണ്‍മെന്റ് ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട ഈ തസ്തികയിലേക്ക് ലോകത്തിലെ തന്നെ യോഗ്യതയുള്ള ഒരേയൊരാള്‍ തന്റെ ബന്ധു മാത്രമാണെന്ന രീതിയില്‍ വീട്ടില്‍ കൊണ്ടുപോയി നിയമനം നല്‍കുക. പ്രളയക്കെടുതിയില്‍ ജനങ്ങള്‍ മുങ്ങിത്താഴുമ്പോള്‍ ഇത്തരം അഴിമതികള്‍ സൗകര്യപൂര്‍വ്വം നടത്തുക. കേട്ടുകേള്‍വിയില്ലാത്ത, മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള സ്വജനപക്ഷപാതത്തിന്റെ പുതിയ തലമാണിത്. കോര്‍പ്പറേഷന്‍ എംഡി തന്നെ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ബന്ധുവിനെ ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് ഡപ്യൂട്ടേഷനില്‍ എടുത്തുവെന്നാണ് ജലീല്‍ പറയുന്നത്. ഒരു പക്ഷേ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഗവണ്‍മെന്റ് ബോഡിയിലേക്ക് ഡപ്യൂട്ടേഷനില്‍ ആളെ നിയമിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മന്ത്രി ശ്രീ കെ ടി ജലീലായിരിക്കും. അതു വഴി ‘ഡപ്യൂട്ടേഷന്’ തന്നെ പുതിയ നിര്‍വ്വചനം നല്‍കിയ എല്‍ ഡി എഫ് മന്ത്രിസഭയിലെ നിര്‍വ്വചന മഹാ മന്ത്രി പദം ഇനി ജലീലിന് സ്വന്തം.

ഗവണ്‍മെന്റിന്റെ സമസ്ത ബോഡിയിലേക്കും ആവശ്യമായ മുഴുവന്‍ യോഗ്യതയുമുള്ള പതിനായിരകണക്കിന് പാവപ്പെട്ട യുവതീ യുവാക്കളെ പുറത്ത് നിര്‍ത്തിയാണ്, അവരെ അയോഗ്യരെന്ന് പരിഹസിച്ചു കൊണ്ടാണ് ഈ സ്വജനപക്ഷാപാതം ശ്രീ ജലീല്‍ നടത്തിയിരിക്കുന്നത്.

ഭരണഘടനയും നിയമവുമനുസരിച്ച് പ്രീതിയും പക്ഷപാതവും കൂടാതെ, പ്രവര്‍ത്തിക്കുമെന്ന സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത് എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. അല്ലാത്തപക്ഷം, സത്യപ്രതിജ്ഞ ചൊല്ലി കൊടുത്ത ഗവര്‍ണ്ണര്‍, ഇദ്ദേഹത്തിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ നിയമപരമായ യോഗ്യതയുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കണം.

chandrika: