X

മുഖ്യമന്ത്രി മുഖംമൂടിയണിഞ്ഞ് നടക്കണമെന്ന് ഡോ. എം.കെ മുനീര്‍

തിരുവനന്തപുരം: പൊലീസിന്റെ മുഖംമിനുക്കിയിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം മൂടിയണിഞ്ഞ് നടക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനോട് അനുബന്ധിച്ചുള്ള വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൊലീസിനോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ മെയ് മാസം സഭയിലെ ഒരു ചോദ്യത്തിന് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. എന്നാല്‍ തൊട്ടടുത്ത മാസം പൊലീസുകാര്‍ മാന്യമായി തന്നെ ഒരാളെ കാലപുരിക്ക് അയച്ചു. ഇത്തരത്തില്‍ പൊലീസിന്റെ മുഖം മിനുക്കിയിട്ട് കാര്യമില്ല. പൊലീസില്‍ സമ്പൂര്‍ണ അഴിച്ചുപണിയാണ് നടത്തേണ്ടതെന്നും മുനീര്‍ പറഞ്ഞു. കസ്റ്റഡി മരണത്തില്‍ പൊലീസിന്റെ ഉത്തരവാദിത്വം സംബന്ധിച്ച ദുരുഹതകളേറുകയാണ്.
കസ്റ്റഡി മരണത്തെ ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരള മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്ന് പറയുന്നത് തന്നെ അപമാനകരമാണ്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത കേസില്‍ ഇടുക്കി എസ്.പി കുറ്റക്കാരനാണെന്ന് സി.പി.ഐ നേതാവ് ശിവരാമനും പറഞ്ഞതാണ്. കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡിന്റെ തലവനാണ്. ഇദ്ദേഹമാണ് കുമാറിനെ പിടികൂടിയത്. ജില്ലയില്‍ ആരെ കസ്റ്റഡിയിലെടുത്താലും എസ്.പിയെ അറിയിക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലറുമുണ്ട്. പോരാത്തത് എല്ലാ ദിവസവും രാവിലെ എട്ടിന് തലേന്നാളത്തെ കാര്യങ്ങള്‍ എസ്.പിയെ ചുമതലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ സാറ്റാ എന്ന പേരില്‍ വയര്‍ലെസിലൂടെ അറിയിക്കാറുമുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത കാര്യം എസ്.പിക്ക് അറിയാമായിരുന്നു. 12 ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഏത് രഹസ്യകേന്ദ്രത്തിലേക്കാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന മറുപടിയാണ് മുഖ്യമന്ത്രിയും നല്‍കുന്നത്. എന്നാല്‍ ഈ മന്ത്രിസഭയിലെ ഒരു അഗം പറയുന്നത് തട്ടിപ്പിനിരയായ ആളുകളുടെ മര്‍ദനം കൊണ്ടാണ് കുമാര്‍ മരിച്ചതെന്നാണ്. ഇതെന്താ ഇടുക്കി ജില്ലയില്‍ ആഭ്യന്തരവകുപ്പിന് വേറെ മന്ത്രിയാണോ. സാമ്പത്തികതട്ടിപ്പുകാരെ ഇപ്പോള്‍ തള്ളിപ്പറയുന്ന എല്‍.ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ അവരുടെ മഹദ് വചനം പേറി നടക്കുകയായിരുന്നെന്നും മുനീര്‍ പറഞ്ഞു.

chandrika: