X

മന്ത്രി മണിയോട് ചോദ്യം ചോദിക്കില്ല, ബഹിഷ്‌കരണ നീക്കവുമായി യുഡിഎഫ്; യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മണിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യവുമായി രംഗത്തുവരികയായിരുന്നു. മന്ത്രി മണിയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. സഭയില്‍ മണിയോട് ഇനി ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി സമിതി തീരുമാനിക്കുകയായിരുന്നു. കൂടാതെ സഭക്ക് അകത്തും പുറത്തും മന്ത്രിയെ ബഹിഷ്‌കരിക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനത്തു നിന്ന് മണിയെ മാറ്റാതെ സര്‍ക്കാറുമായി സഹകരിക്കാനാവില്ലെന്ന് യുഡിഎഫ് നേതൃയോഗം അറിയിച്ചു. അതിനിടെ, എംഎം മണിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തിന് അപമാനകരമായ പരാമര്‍ശം നടത്തിയ മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

chandrika: