X
    Categories: CultureViews

ബി.ജെ.പിയുമായി സഖ്യമില്ല; പിന്തുണ ഗഡ്കരി പ്രധാനമന്ത്രിയാകുമെങ്കില്‍ മാത്രം ശിവസേന

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാമെങ്കില്‍ മാത്രം ബി.ജെ.പിയെ പിന്തുണക്കാമെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.

‘ബി.ജെ.പി അവരെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളും ഞങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നു. നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണക്കാം.’ – റാവത്ത് ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ പിന്തുണയുള്ള ഗഡ്കരി പക്ഷവും അമിത് ഷായുടെ നേതൃത്വത്തിലുള്ള മോദി പക്ഷവും തമ്മിലുള്ള ശീതസമരം ബി.ജെ.പിയില്‍ ശക്തമാകുന്നതിനിടയിലാണ് ശിവസേനയുടെ നിലപാട്. നേരത്തെ, അമേരിക്കയില്‍ നടന്ന ലോക ഹിന്ദു സമ്മേളനത്തില്‍ ഗഡ്കരി പങ്കെടുക്കാതിരിക്കാന്‍ മോദി നടത്തിയ ‘കളികള്‍’ സംഘ് പരിവാറിനുള്ളില്‍ വിവാദമായിരുന്നു. അമേരിക്ക, കനഡ, ഇസ്രാഈല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നിക്ഷേപകരെ കാണാനുള്ള ഗഡ്കരിയുടെ പദ്ധതി അവസാന നിമിഷം റദ്ദാക്കിയത് മോദിയും അമിത് ഷായും ഇടപെട്ടാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതിനിടെ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ശിവസേനാ നേതാക്കള്‍ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ബി.ജെ.പിക്കു വഴങ്ങില്ലെന്നും വേണമെങ്കില്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം പാര്‍ട്ടിക്കുണ്ടെന്നുമാണ് ഉദ്ധവ് ഇതിനോട് പ്രതികരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: