X
    Categories: indiaNews

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല

ചത്തീസ്ഗഡിലെ ഗൗരേല-മാര്‍വാഹി ജില്ലയിലാണ് കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് സൂരത് ബന്‍ജാര (45) എന്ന യുവാവിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗൗരേല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍ഹേഗോരി ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഇതുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ടയാളും പരിക്കേറ്റവരും മധ്യപ്രദേശിലെ അമര്‍കന്ദാന്‍ക് സ്വദേശികളാണ്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ബുധനാഴ്ച രാത്രി സല്‍ഹേഗാരിയില്‍ നിന്നും മറ്റാരോ വാങ്ങിയ നാലു എരുമകളെ വാഹനത്തില്‍ കൊണ്ടു പോകാനായി രണ്ട് പേര്‍ എത്തുകയും ഇവരെ ഗ്രാമീണര്‍ വളയുകയും ചെയ്തു. ഇവരോട് കാലികള്‍ തങ്ങളുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടുകയും രേഖകള്‍ നല്‍കാത്തതിനാല്‍ ഇവര്‍ മോഷ്ടാക്കളാണെന്ന് ആരോപിച്ച് ആക്രമിക്കുകയും ചെയ്തു. താമസിയാതെ കൂടുതല്‍ ഗ്രാമീണര്‍ എത്തുകയും ഇവരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി പ്രദേശത്തെ ഒരു കമ്യൂണിറ്റി ഹാളില്‍ പൂട്ടിയിട്ടു.

പിറ്റേ ദിവസം ഇവരുടെ ബന്ധുക്കളായ നാലു പേര്‍ ഇവരെ തെരഞ്ഞെത്തി. ഇവരുമായും ഗ്രാമീണര്‍ വഴക്കിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മര്‍ദ്ദനമേറ്റ് മരിച്ചു. പരിക്കേറ്റ അഞ്ചു പേരെയും പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് സല്‍ഹേഗോരി ഗ്രാമ മുഖ്യന്‍ അടക്കം ആറു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു.

web desk 3: