X

‘ജയ് ശ്രീറാം എന്നത് കൊലവിളിയായി’ ; പ്രധാനമന്ത്രിക്ക് പ്രമുഖരുടെ തുറന്ന് കത്ത്

രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ അടക്കമുളളവര്‍ കത്തയച്ചു. സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേരാണ് കത്തയച്ചത്.

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദൈവത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും അത് നിര്‍ത്തേണ്ടതുണ്ടെന്നും കത്തില്‍ ആവശ്യപ്പെടുന്നു. രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി, മണിരത്‌നം, അനുരാധ കപൂര്‍, അതിഥി ബസു, അമിത് ചൗധരി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

‘ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളില്‍ അതിയായ ഉത്കണ്ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണം,’ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘നിര്‍ഭാഗ്യവശാല്‍ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യനെ തല്ലിക്കൊല്ലാനുള്ള ഒരു പോര്‍വിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്‍ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

web desk 3: