X

മോദി കള്ളം പറയുന്നയാള്‍; ബുള്ളറ്റ് ട്രെയിന്‍ അനുവദിക്കില്ല രാജ്താക്കറെ

 

മുംബൈ: എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി എം.എന്‍.എസ് നേതാവ് രാജ്താക്കറെ. സാധാരണ റെയില്‍വേ സ്‌റ്റേഷനുകളിലെ പശ്ചാതല സൗകര്യം വര്‍ധിപ്പിക്കാതെ ബുള്ളറ്റ് തീവണ്ടിക്കായി ഒരു കല്ല് പോലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ സാധാരണ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാതെ ബുള്ളറ്റ് തീവണ്ടി മഹാരാഷ്ട്രയില്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞ അദ്ദേഹം മോദിക്കു വേണമെങ്കില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഗുജറാത്തില്‍ നടപ്പിലാക്കാമെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച താക്കറെ പ്രധാനമന്ത്രി മോദി കള്ളം പറയുന്നവനാണെന്നും ആരോപിച്ചു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ ഇപ്പോള്‍ മാറ്റിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും പെരും നുണ പറയുന്ന ഒരു പ്രധാനമന്ത്രിയെ ഇന്ത്യ കണ്ടിട്ടില്ല. വലിയ വലിയ വാഗ്ദാനങ്ങള്‍ പറയും അതെല്ലാം പിന്നീട് തെരഞ്ഞെടുപ്പ് നാടകങ്ങളാക്കി മാറ്റും. എങ്ങിനെയാണ് ഇത്തരത്തില്‍ കള്ളം പറയാന്‍ മോദിക്ക് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനെ റെയില്‍വേ മന്ത്രിയാക്കിയത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു വേണ്ടിയാണെന്നും പിയൂഷ് ഗോയല്‍ ഒന്നിനും കൊള്ളാത്തവനാണെന്നും താക്കറെ ആരോപിച്ചു. ഇന്ത്യയില്‍ ആളെ കൊല്ലാന്‍ തീവ്രവാദികളോ, പാകിസ്താനോ ആവശ്യമില്ലെന്നും ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളം മതിയെന്നും അദ്ദേഹം പരിഹസിച്ചു.
അതേ സമയം മുംബൈയില്‍ തിരക്ക് കൂടാന്‍ കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണെന്നും താക്കറെ ആരോപിച്ചു.

chandrika: