X

മിസൈലുകള്‍ ഒളിപ്പിച്ച് ഉത്തരകൊറിയ; ചര്‍ച്ചക്കു സാധ്യത തേടിയതായി അമേരിക്ക

ബീജിങ്: മിസൈല്‍ പരീക്ഷണം തുടര്‍ക്കഥയാക്കിയ ഉത്തരകൊറിയയെ പിടിച്ചു കെട്ടുന്നതിന് സമാധാന നീക്കവുമായി അമേരിക്ക. ഉത്തരകൊറിയയുമായി ചര്‍ച്ചക്കു സാധ്യത തേടിയിരുന്നതായി യു.എസ് ഭരണകൂടം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലോകസമാധാനത്തിന് വിഘാതമാകുമെന്നു വന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുമായി ചര്‍ച്ചക്കു സാധ്യത തേടിയതെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തിമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം നടത്തുന്ന ചൈന സന്ദര്‍ശനത്തിനു മുന്നോടിയായി ബീജിങിലെത്തിയ റെക്‌സ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇതാദ്യമായാണ് ചര്‍ച്ചക്ക് സാധ്യത തേടിയ കാര്യം ട്രംപ് ഭരണകൂടം തുറന്നു സമ്മതിക്കുന്നത്.
അതിനിടെ, എതിര്‍പ്പുകള്‍ക്കിടയില്‍ ഉത്തരകൊറിയയുടെ ഏതാനും മിസൈലുകള്‍ പോങ്‌യാങിലെ കേന്ദ്രത്തില്‍ നിന്നു നീക്കിയതായി ദക്ഷിണകൊറിയ ആരോപിച്ചു. സനുംഡോങിലെ മിസൈല്‍ വികസന ഗവേഷണ കേന്ദ്രത്തില്‍ നിന്ന് മിസൈലുകള്‍ മറ്റെങ്ങോട്ടോ മാറ്റിയതായി ദക്ഷിണകൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യദൂര ഹ്വാസോങ്-12 മിസൈലോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ഹ്വാസോങ്-14 മിസൈലോ ആയിരിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. ഉത്തരകൊറിയയുടെയോ ചൈനയുടെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വാര്‍ഷിക ദിനത്തില്‍ ഈ മിസൈലുകള്‍ പരീക്ഷിച്ചേക്കാമെന്നാണ് രഹസ്യവിവരം.

chandrika: