X
    Categories: CultureNewsViews

ലോക്പാലിനു അടയിരുന്നത് നാലേ മുക്കാല്‍ വര്‍ഷം


എ.പി ഇസ്മയില്‍
അണ്ണാ ഹസാരേയുടെ ലോക്പാല്‍ സമരം മറന്നിട്ടുണ്ടാവില്ല. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന മാസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച രാംലീലാ മൈതാനിയിലെ പട്ടിണി സമരം. അധികാര ഇടനാഴികളില്‍ മുച്ചൂടും വ്യാപിച്ചു കിടക്കുന്ന അഴിമതിയെ തുടച്ചു നീക്കുന്നതിന് കാര്യക്ഷമമായ സംവിധാനം വേണമെന്ന മുറവിളികള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയത്തിന്റെ കാതലും ഇതായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാറില്‍ നിയമമന്ത്രിയായിരുന്ന അശോക് കുമാര്‍ സെന്‍ ആണ് 1960ല്‍ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ എന്ന ആശയം ആദ്യം ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നില്‍ വെക്കുന്നത്. ഓംബുഡ്‌സ്മാന്‍ എന്ന പേരിന്റെ ഇന്ത്യന്‍ വിവര്‍ത്തനം എന്ന നിലയിലാണ് ലോക്പാല്‍ എന്ന പേര് പ്രചാരത്തിലെത്തുന്നത്. പരാതികള്‍ കേള്‍ക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള അധികാരി എന്നര്‍ത്ഥം വരുന്ന ലോക(ജനം), പാല (സംരക്ഷകന്‍) എന്നീ രണ്ട് സംസ്‌കൃത പദങ്ങളെ കൂട്ടിയോജിപ്പിച്ച് ഡോ.എല്‍.എം സിങ്‌വിയാണ് ലോക്പാല്‍ എന്ന പേര് നിര്‍ദേശിച്ചത്. 1968ല്‍ നിയമം ലോക്‌സഭ ബില്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ രാജ്യസഭ കടക്കാതിരുന്നതോടെ ബില്‍ ലാപ്‌സായി. പിന്നീട് പലതവണ ബില്‍ അവതരിപ്പിക്കപ്പെടുകയും നിയമമാകാതെ ലാപ്‌സാവുകയും ചെയ്തു. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ലോക്പാല്‍ ചര്‍ച്ചകള്‍ രാജ്യത്ത് വീണ്ടും ചൂടുപിടിക്കുന്നത്. ബില്‍ വീണ്ടും കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയതിനു പിന്നാലെയാണ് ലോക്പാല്‍ ആവശ്യവുമായി അണ്ണാ ഹസാരെ സമരരംഗത്തെത്തുന്നത്. അഴിമതിക്കെതിരായ ജനകീയ മുന്നേറ്റം എന്ന് അവകാശപ്പെട്ടാണ് ഹസാരെ സമരത്തിന് തുടക്കമിട്ടത്. വൈകാതെതന്നെ ബി.ജെ.പിയും സംഘ്പരിവാര്‍ കേന്ദ്രങ്ങളും ഇതിനെ ഹൈജാക്ക് ചെയ്തു. ഇതിനിടെ 2011 ഡിസംബര്‍ 22ന് ലോക്പാല്‍ ബില്‍ യു.പി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിരുന്ന ലോക്‌സഭയില്‍ ബില്‍ എളുപ്പത്തില്‍ പാസായി. എന്നാല്‍ രാജ്യസഭയില്‍ ചിത്രം മറിച്ചായിരുന്നു. പലവിധത്തിലുള്ള സംവാദങ്ങള്‍ക്കൊടുവില്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിട്ടു. ഒടുവില്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച ചില ഭേദഗതികളോടെ 2013 ഡിസംബര്‍ 17ന് ബില്‍ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചതോടെ 2014 ജനുവരി ഒന്നിന് ഇന്ത്യന്‍ നിയമ നിര്‍മാണത്തിലെ മറ്റൊരു ചരിത്രം പിറന്നു. ലോക്പാല്‍ നിയമമായി.
അതുവരെ ലോക്പാലിനു വേണ്ടി മുറവിളി കൂട്ടുകയും യു.പി.എ സര്‍ക്കാര്‍ നടത്തിയ നിയമ നിര്‍മാണം തങ്ങളുടെ പോരാട്ട വിജയമായി അവകാശപ്പെടുകയും ചെയ്ത ബി.ജെ.പിയും നരേന്ദ്രമോദിയും 2019ലെത്തുമ്പോള്‍ ലോക്പാല്‍ എവിടെയെത്തി എന്ന ചോദ്യം പ്രസക്തമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിനെ അധികാരത്തില്‍നിന്ന് താഴെയിറക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച ലോക്പാല്‍ സമര നായകന്‍ അണ്ണാ ഹസാരെ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തില്‍ എവിടെയായിരുന്നു. ഒരു സ്വപ്‌ന പദ്ധതിക്കുമേല്‍ നിയമനിര്‍മാണം വരെ നടന്നിട്ടും തുടര്‍ നടപടികളെടുക്കാതെ നീണ്ട അഞ്ചുവര്‍ഷം ഭരണകൂടം അടയിരുന്നപ്പോള്‍ അനന്തമായ മൗനത്തിലൊളിക്കാനുള്ള പ്രേരണ എന്തായിരുന്നു. ലോക്പാലിനു വേണ്ടി ഹസാരെ നടത്തിയ എല്ലാ സമരങ്ങളുടെയും ലക്ഷ്യവും താല്‍പര്യവും കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സംഘ്പരിവാര്‍ പ്രേരിതമായിരുന്നു സമരമെന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് അദ്ദേഹത്തിന്റെ മൗനം.
ബി.ജെ.പിയും മോദിയും അധികാരകേന്ദ്രങ്ങളില്‍ അഞ്ചുവര്‍ഷം പിന്നിടുകയാണ്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ ലോക്പാല്‍ നിയമനവും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അഴിമതി തുടച്ചുനീക്കുന്നതിനുള്ള പോരാട്ടത്തില്‍ വലിയൊരു അധ്യായമായി മാറുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നതു പോലും മോദി ചുമതലയേറ്റ് 45 മാസത്തിനു ശേഷ(മൂന്നേ മുക്കാല്‍ കൊല്ലത്തിനു ശേഷം)മാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വിവരാവകാശ അപേക്ഷക്കു നല്‍കിയ മറുപടിയില്‍ പറയുന്നത്.
നാലേമുക്കാല്‍ കൊല്ലവും ലോക്പാല്‍ രൂപീകരണത്തിനു മേല്‍ അടയിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയുമെന്നതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ മറ്റൊരു തെരഞ്ഞെടുപ്പിനു വേണ്ടി ജനങ്ങളെ അഭിമുഖീകരിക്കേണ്ട ഘട്ടം വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്പാല്‍ രൂപീകരണത്തിന് തയ്യാറായത്. അതും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുമ്പ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ലോക്പാലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരു അഴിമതി കേസുപോലും പിടിക്കപ്പെടാന്‍ പോകുന്നില്ലെന്നുമുള്ള ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ അവസാന നിമിഷ സര്‍ക്കസ്. ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതും മോദി സര്‍ക്കാറിന്റെ ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: