X
    Categories: CultureNewsViews

സ്വാതന്ത്ര്യദിനത്തിലും രാജ്യത്തോട് പച്ചക്കള്ളം പറഞ്ഞ് പ്രധാനമന്ത്രി; യാഥാര്‍ത്ഥ്യം ഇങ്ങനെ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അഭിമാന നിമിഷത്തിലും സംഘപരിവാര്‍ നുണകളുടെ പ്രചാരകനായി പ്രധാനമന്ത്രി തരംതാഴുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. കശ്മീര്‍ വിഷയത്തിലാണ് പ്രധാനമന്ത്രി ആര്‍.എസ്.എസ് പ്രചാരണം പ്രധാനമന്ത്രിയുടെ ഔദ്യോഗിക നിലപാടായി പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റുവാണ് കുറ്റക്കാരനെന്നും കശ്മീരിന്റെ പ്രത്യേക പദവിയില്‍ സര്‍ദാര്‍ പട്ടേലിന് താല്‍പര്യമില്ലായിരുന്നു എന്നായിരുന്നു എന്നുമാണ് ആര്‍.എസ്.എസ് നടത്തുന്ന വ്യാജപ്രചരണം. ഇതാണ് ഇന്ന് പ്രധാനമന്ത്രിയും ഇന്ന് രാജ്യത്തോട് പറഞ്ഞത്.

എന്നാല്‍ വാസ്തവം എന്താണ്? ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 ന്റെ ശില്‍പി സര്‍ദാര്‍ പട്ടേല്‍ ആണ് എന്നതാണ് ചരിത്രം. ജുനാഗഡ്, ഹൈദരാബാദ്, കശ്മീര്‍ എന്നീ നാട്ടുരാജ്യങ്ങളുടെ കാര്യത്തിലാണ് സ്വാതന്ത്ര്യം നേടുന്ന കാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. നെഹ്‌റുവും പട്ടേലും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഈ മൂന്ന് നാട്ടുരാജ്യങ്ങളുടെയും കാര്യത്തില്‍ പരസ്പരം കൂടിയാലോചിച്ചാണ് ഇരുപക്ഷവും മുന്നോട്ടുനീങ്ങിയത്.

കശ്മീരിനേക്കാള്‍ ഹൈദരാബാദിനാണ് പട്ടേല്‍ പ്രാധാന്യം നല്‍കിയത്. ഹൈദരാബാദിനെ ഇന്ത്യയില്‍ ചേര്‍ക്കാമെന്ന് നൈസാമിനെ കൊണ്ട് പാക്കിസ്താന്‍ സമ്മതിപ്പിക്കുകയാണെങ്കില്‍ കശ്മീരിന്മേലുള്ള പാക്കിസ്താന്റെ അവകാശവാദം അംഗീകരിക്കാന്‍ 1947 വരെ പട്ടേല്‍ തയ്യാറായിരുന്നു. ‘ജുനഗഡിനെയും കശ്മീരിനെയും നിങ്ങള്‍ എന്തിന് താരതമ്യം ചെയ്യുന്നു? ഹൈദരാബാദിനെയും കശ്മീരിനെയും കുറിച്ച് സംസാരിച്ച് നമുക്കൊരു തീരുമാനത്തില്‍ എത്താം’ എന്നാണ് പാക് പ്രധാനമന്ത്രി ലിയാഖത് അലിഖാനോട് പട്ടേല്‍ പറഞ്ഞത്. 1947 നവംബര്‍ 28ന് ലിയാഖത്ത് അലിഖാനുമായുള്ള കൂടിക്കാഴ്ചയില്‍ പട്ടേല്‍ പറഞ്ഞത് നയതന്ത്രപരമായ ഒത്തുതീര്‍പ്പില്‍ എത്താമെങ്കില്‍ പൂഞ്ചില്‍ നിന്ന് ഇന്ത്യന്‍ സേനയെ പിന്‍വലിക്കാം എന്നായിരുന്നു. പക്ഷേ നെഹ്‌റു ഇതിനെ എതിര്‍ത്തു.

1948ല്‍ കശ്മീരില്‍ പാക് സൈന്യം കൂടുതല്‍ സജീവമായതോടെ സംസ്ഥാനത്തെ വിഭജിക്കാം എന്ന നിലപാടില്‍ നെഹ്‌റു എത്തിച്ചേരുകയായിരുന്നു. പട്ടേല്‍ നെഹ്‌റുവിനോട് യോജിച്ചു. ശാശ്വതവും പ്രായോഗികവുമായ ഒത്തുതീര്‍പ്പെന്നാണ് പട്ടേല്‍ വിഭജനത്തെ നിരീക്ഷിച്ചത്. പൂഞ്ചിന്റെ ഭാഗങ്ങളും ഗില്‍ഗിതും പാകിസ്താന്റെ ഭാഗമായപ്പോള്‍ മറ്റ് ഭാഗങ്ങള്‍ ഇന്ത്യയുടേതായി.

ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ ഉള്‍പ്പെടെ, കശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും നെഹ്‌റുവും പട്ടേലും ഒന്നിച്ചാണ് ഇടപെട്ടത്. കശ്മീര്‍ ദിവാനായിരുന്ന എന്‍.ജി അയ്യാനഗറും ഷെയ്ഖ് അബ്ദുല്ലയും തമ്മിലാണ് പ്രധാനമായും കൂടിയാലോചനകള്‍ നടന്നത്. കശ്മീരിന്റെ കാര്യത്തില്‍ പട്ടേലിന്റെ സമ്മതമില്ലാതെ നെഹ്‌റു ഒരടി പോലും മുന്നോട്ടുപോയിരുന്നില്ല. 1949 മെയ് 1516 തിയ്യതികളില്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ പട്ടേലിന്റെ വസതിയില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അയ്യാനഗര്‍ കരടിന് രൂപം നല്‍കി. അയ്യാനഗര്‍ ഒരു കുറിപ്പിന് ഒപ്പം ഇത് പട്ടേലിന് അയച്ചുകൊടുത്തു ‘ഈ കരടിന് താങ്കളുടെ അംഗീകാരമുണ്ടെന്ന് ജവഹര്‍ലാല്‍ജിയോട് പറയാമോ? എങ്കില്‍ മാത്രമേ അദ്ദേഹം ഷെയ്ഖ് അബ്ദുല്ല്ക്ക് കൈമാറൂ’. ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ അയ്യാനാഗറിനോട് മുന്നോട്ടുപോവാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു. ആ സമയത്ത് നെഹ്‌റു വിദേശത്തായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിച്ചു എന്നാണ് പട്ടേല്‍ നെഹ്‌റുവിനോട് പറഞ്ഞത്. കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലിയില്‍ നിന്ന് രാജിവെക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞപ്പോള്‍ നെഹ്‌റുവിനോട് ഇടപെടാന്‍ പട്ടേല്‍ ആവശ്യപ്പെട്ടു.

അതായത് സംഘപരിവാര്‍ അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370ന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു. എന്നാല്‍ ഈ ചരിത്ര യാഥാര്‍ത്ഥ്യം മറച്ചുവെച്ച് കേവലം ഒരു ആര്‍.എസ്.എസ് പ്രചാരകന്‍ മാത്രമായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്ന ദയനീയ കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: