X
    Categories: CultureNewsViews

അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടയക്കാനുള്ള കാരണം വെളിപ്പെടുത്തി മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചുതന്നില്ലെങ്കില്‍ വിവരമറിയുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവര്‍ പൈലറ്റിനെ തിരികെയെത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മോദിയുടെ പുതിയ വീരവാദം. പ്രധാനമന്ത്രി കസേര നിലനിന്നാലും ഇല്ലെങ്കിലും ദേശസുരക്ഷയുടെ കാര്യത്തില്‍ എനിക്ക് വലിയ പ്രതിബദ്ധതയുണ്ട്. ഒന്നുകില്‍ താന്‍ അല്ലെങ്കില്‍ ഭീകരര്‍ ഇതാണു എന്റെ നിലപാട് മോദി പറഞ്ഞു.

ഫെബ്രുവരി 27നു വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ പിടികൂടി. എന്നാല്‍ മാര്‍ച്ച് 1ന് രാത്രി അദ്ദേഹത്തെ അവര്‍ക്കു മോചിപ്പിക്കേണ്ടി വന്നു. കാരണം’നാം ഒരു പത്രസമ്മേളനം നടത്തി. നമ്മുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദി നിങ്ങളോട് (പാക്കിസ്ഥാനോട്) എന്തു ചെയ്‌തെന്നു ലോകത്തോടു നിങ്ങള്‍ക്കു നിരന്തരം പറഞ്ഞു കൊണ്ടിരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കി.

‘രണ്ടാം ദിവസം മുതിര്‍ന്ന യു.എസ് ഉ്‌ദ്യോഗസ്ഥന്‍ പറഞ്ഞു മോദി 12 മിസൈലുകള്‍ ആക്രമണത്തിനു തയാറാക്കി നിര്‍ത്തിയിരിക്കുന്നു. സ്ഥിതി വഷളാകും. ഇതു കേട്ട പാടെ പാക്കിസ്ഥാന്‍ പൈലറ്റിനെ തിരിച്ചുതരാമെന്നു പറഞ്ഞു. ഇല്ലെങ്കില്‍ കളി കാണാമായിരുന്നു. ഇതെല്ലാം അമേരിക്കയാണു പറഞ്ഞത്. ഞാനൊന്നും പറയുന്നില്ല. സമയം വരുമ്പോള്‍ മാത്രമേ ഞാന്‍ ഇതേക്കുറിച്ചെല്ലാം പറയൂ’ മോദി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: