X

മോഫിയയുടെ ആത്മഹത്യ; സിഐയെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധം

കൊച്ചി: മോഫിയയുടെ ആത്മഹത്യയെ തുടര്‍ന്ന് സിഐ സുധീര്‍ കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ വെസ്റ്റ് സ്റ്റേഷനില്‍ യുഡിഎഫ് ഉപരോധം തുടരുന്നു. രാത്രി വൈകിയും ഉപരോധം തുടര്‍ന്നു. സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

മോഫിയയുടെ കുടുംബത്തിന്റെ പരാതിയില്‍ സുധീര്‍ കുമാറിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇതുപോരാ, സസ്‌പെന്‍ഷന്‍ നല്‍കി കേസെടുക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്. സംഭവത്തില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണെന്നും അതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നുമാണ് പൊലീസ് അറിയിപ്പ്.

നവംബര്‍ 23 ന് ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും പീഡനം സഹിക്കവയ്യാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് നേരത്തെ മോഫിയ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആലുവ സിഐ, സി എല്‍ സുധീര്‍ ഭര്‍ത്താവ് സുഹൈലിനും വീട്ടുകാര്‍ക്കുമെതിരെ നടപടിയെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലും മൊഫിയ പറയുന്നുണ്ട്. പരാതിയിന്മേല്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ സുധീര്‍ മോഫിയയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.

web desk 1: