X

വീണ്ടും കുരങ്ങ്പനി മരണം; ആശങ്കയില്‍ വയനാട്


രണ്ട് മാസത്തിനിടെ രണ്ട് പേര്‍ കുരങ്ങുപനി ബാധിച്ചതോടെ വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയില്‍. വേനലിന്റെ തുടക്കത്തില്‍ തന്നെ കുരങ്ങ് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും മരണങ്ങളുണ്ടാവുന്നതും ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് വയനാട്ടില്‍ കുരങ്ങ് പനി പടര്‍ന്ന് പിടിച്ച് നിരവധി പേര്‍ മരിക്കുകയും നൂറ് കണക്കിന് പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. വേനല്‍ കടുക്കുന്നതോടെ 2015 ആവര്‍ത്തിച്ചേക്കുമോ എന്ന ഭയത്തിലാണ് ജില്ല.

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ സുധീഷ് (23) ആണ് ഇന്നലെ കുരങ്ങ് പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി പനി ബാധിച്ച് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. മാര്‍ച്ച് 23ന് കുരങ്ങു പനി ബാധിച്ച് മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്‍ താമസിച്ചുവരികയായിരുന്ന കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചതോടെയാണ് വയനാട്ടിലേക്ക് മടങ്ങിയത്.
കുരങ്ങുപനി വന്‍ദുരിതം വിതച്ച 2015ല്‍ 11 പേരാണ് പനി ബാധിച്ച് മരിച്ചത്. 214 പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇതില്‍ 102 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്കൊല്ലം പഴുതടച്ച പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ നാല് വര്‍ഷം കാര്യമായ ഭീഷണിയില്ലാതിരുന്ന കുരങ്ങുപനി ഈ വര്‍ഷം തുടക്കത്തില്ലേ ഭീതി പടര്‍ത്തുകയാണ്.

1955ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ പെട്ട കാസനോരുവിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി(ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുരങ്ങുകളിലെ ചെള്ളു(ഉണ്ണി, പട്ടുണ്ണി,വള്ളന്‍)കളില്‍ നിന്നാണ് പ്രധാനമായും രോഗം പകരുന്നത്. എലി. അണ്ണാന്‍, വവ്വാല്‍ എന്നിവയും രോഗം പകര്‍ത്തുമെങ്കിലും കുരങ്ങുകളുടെയത്രയും ഭീഷണിയല്ല ഇവ. വന്‍തോതില്‍ കാട് വെട്ടിത്തെളിച്ചതിനെത്തുടര്‍ന്ന് ഉള്‍വനത്തിലെ കുരങ്ങുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയതായിരുന്നു കാസനോരുവില്‍ കുരങ്ങുപനി പടര്‍ന്ന് പിടിക്കാനുണ്ടായ കാരണം. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും വാക്സിനുകളും ഫലം കണ്ടതോടെ കഴിഞ്ഞ 55 വര്‍ഷമായി കാര്യമായ ഭീഷണിയില്ലാതെയിരുന്ന കുരങ്ങുപനി 2013ലാണ് കേരളത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 2013ലും 2014ലും സംസ്ഥാനത്ത് ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാലികളെ മേയ്ക്കാനും വിറകുശേഖരിക്കാനും പോവുന്ന ആദിവാസികളില്‍ രോഗം പകരാന്‍ സാധ്യത ഏറിയതിനാല്‍ കോളനികളില്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവും അധികൃതര്‍ മുന്‍ഗണന നല്‍കുക. അതേസമയം ഊര്‍ജ്ജിത പ്രതിരോധപ്രവര്‍ത്തനം നടത്തിയിട്ടും വീണ്ടും കുരങ്ങുകള്‍ ചത്തുതുടങ്ങിയത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുകയാണ്.

chandrika: