X

മോട്ടോര്‍ വാഹന ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി


ലോക്‌സഭക്കു പിന്നാലെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടത്തില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ബില്‍.
108 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 13 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. ഇരു സഭകളും ബില്ല് പാസാക്കിയതിനാല്‍ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
മയക്കുമരുന്ന്, മദ്യം എന്നിവ കഴിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പുതിയ ബില്‍ പ്രകാരം 2,000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ലഭിക്കും. മോട്ടോര്‍ വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത വാഹന നിര്‍മാതാക്കള്‍ക്ക് 100 കോടി വരെ പിഴ ചുമത്താനും ഒരു വര്‍ഷം തടവിനും ബില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. നേരത്തെ ജൂലൈ 23ന് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. 1988ലെ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണിത്. കുട്ടികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ക്ക് രക്ഷിതാക്കളെ ശിക്ഷിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. റോഡപകടമുണ്ടായ ഉടന്‍ അപകടത്തിനിരയായവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ കാഷ്‌ലെസ് ഇന്‍ഷുറന്‍സ് പദ്ധതി വഴി ചികിത്സിക്കാന്‍ സംവിധാനമൊരുക്കുമെന്ന് മോട്ടോര്‍ വാഹനഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു.
അപകടമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. മോട്ടോര്‍ അപകടനിധി പ്രകാരം എല്ലാവര്‍ക്കും നിര്‍ബന്ധിത റോഡ് അപകട ഇന്‍ഷുറന്‍സിനും ബില്ലില്‍ നിര്‍ദേശമുണ്ട്. അപകടസാധ്യതയോ പരിസ്ഥിതി ദോഷമോ ഉണ്ടാക്കാന്‍ സാധ്യതയുള്ള വാഹനങ്ങളെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാരിന് ബില്‍ അധികാരം നല്‍കുന്നു.
റോഡ് സുരക്ഷയും ഗതാഗത മാനേജ്‌മെന്റും കൈകാര്യം ചെയ്യാന്‍ ദേശീയ റോഡ് സുരക്ഷാ ബോര്‍ഡ് രൂപവത്കരിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഉബര്‍, ഒല പോലെയുള്ള സ്വകാര്യവാഹനദാതാക്കള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരാനും ബില്‍ നിര്‍ദേശിക്കുന്നു. അതേ സമയം ബില്‍ സംസ്ഥാനങ്ങളുടെ പല അവകാശങ്ങളും കവരുന്നതാണെന്നും കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നുമാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

web desk 1: