X

വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ്

വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ കർശനമായി നടപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് അധികൃതർ. 2019 ഏപ്രിൽ ഒന്നുമുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്ക് രാജ്യത്താകമാനം അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവുണ്ട്.

വാഹന നിർമാതാക്കൾ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ അനുസരിച്ചുള്ള നമ്പർപ്ലേറ്റുകൾ നിർമിച്ചു നൽകും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങൾ ഡാറ്റവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർ.ടി. ഓഫീസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ സാധിക്കയുള്ളൂ.

ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാർജും വാഹനവിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കുകയുമില്ല. മേൽപ്പറഞ്ഞ രീതിയിലല്ലാതെ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

നിബന്ധനകൾ:

നമ്പർപ്ലേറ്റ് ഒരുമില്ലീമീറ്റർ കനമുള്ള അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയതും ടെസ്റ്റിങ് ഏജൻസി പാസാക്കിയതുമാവണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്.

വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റർ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമിൽ നീലനിറത്തിൽ അശോകചക്രമുണ്ട്. പ്ലേറ്റുകൾക്ക് ചുരുങ്ങിയത് അഞ്ചുവർഷത്തിനിടയിൽ നശിച്ചുപോകാതിരിക്കാനുള്ള ഗ്യാരന്റി ഉണ്ട്. ഇടതുഭാഗം താഴെ പത്തക്ക ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്.

പ്ലേറ്റിൽ ഇടതുഭാഗത്ത് നടുവിലായി ഐ.എൻ.ഡി. എന്ന് നീലക്കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

തേഡ് രജിസ്ട്രേഷൻ പ്ലേറ്റ്

ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കൽ രൂപത്തിലുള്ള 100: 60 മില്ലീമീറ്റർ വലുപ്പത്തിലുള്ളതും ഇളക്കിമാറ്റാൻ ശ്രമിച്ചാൽ നശിച്ചുപോകുന്നതുമാണ് ഇവ. മുൻപിലെ വിൻഡ് ഷീൽഡിന്റെ ഉള്ളിൽ ഇടതുമൂലയിൽ ഒട്ടിക്കണം. രജിസ്റ്ററിങ് അതോരിറ്റിയുടെ പേര്, വാഹന നമ്പർ, ലേസർ നമ്പർ, വാഹന രജിസ്ട്രേഷൻ തീയതി എന്നിവയാണിതിൽ ഉള്ളത്. താഴെ വലതുമൂലയിൽ 10ഃ10 മില്ലീമീറ്റർ വലിപ്പത്തിൽ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം വേണം. ഡീസൽ വാഹനത്തിന് സ്റ്റിക്കർ കളർ ഓറഞ്ചും പെട്രോൾ/സി.എൻ.ജി. വാഹനത്തിന് ഇളം നീലയും മറ്റുള്ളവയ്ക്ക് ഗ്രേ കളറുമായിരിക്കണം.

webdesk14: