X

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ധനവില കുറയ്ക്കാൻ നീക്കം

ന്യൂഡല്‍ഹി: ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില പരമാവധി 10 രൂപ വരെ കുറച്ചേക്കുമെന്ന് റിപ്പോർട്ട്. ഉയരുന്ന പണപ്പെരുപ്പം കൂടി പിടിച്ചുനിർത്താൻ ഉദ്ദേശിച്ചാണ് നീക്കം. ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ വ്യത്യാസം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനർനിർണയിക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടും നിർണായകമാകും.

അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പൊതുമേഖലാ എണ്ണക്കമ്പനികൾ മൂന്നാം പാദത്തിലെ വിശദാംശങ്ങൾ അടുത്ത മാസത്തോടെ പുറത്തുവിടും. ഇതുപ്രകാരം എല്ലാ കമ്പനികളുടെയും ആകെ അറ്റാദായം 75,000 കോടി രൂപ കവിയുമെന്നാണ് വിവരം. ഇതിനു പിന്നാലെ ഇന്ധനവില 10 രൂപ വരെ കുറയ്ക്കാനാണ് ശ്രമം നടക്കുന്നത്. അസംസ്കൃത എണ്ണയുടെ വിലയിൽ കാര്യമായ തോതിൽ കുറവു വന്നതും വില കുറയ്ക്കാനുള്ള നീക്കത്തെ ത്വരിതപ്പെടുത്തുമെന്നാണ് കരുതുന്നത്.

ഈ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും എണ്ണക്കമ്പനികൾ വലിയ ലാഭമാണ് നേടിയത്. ഇതിന്റെ തുടർച്ചയായാണ് മൂന്നാം പാദത്തിലും വലിയ ലാഭത്തിന്റെ സൂചനകളുള്ളത്. ഈ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും 5 മുതൽ 10 രൂപ വരെ വില കുറയ്ക്കുന്ന കാര്യമാണ് എണ്ണക്കമ്പനികൾ പരിഗണിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

webdesk14: