X

പരീക്ഷ മാറ്റല്‍: സർവകലാശാല വൈസ് ചാൻസലർമാർ ദാസ്യവേലയാണ് നടപ്പിലാക്കുന്നതെന്ന് എം.എസ്എഫ്

കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില്‍ എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത് പ്രതിഷേധാർഹമാണെന്നും ഇടതുപക്ഷ ഗവൺമെൻറ് നടപ്പിലാക്കുന്ന തീര്‍ത്തും രാഷ്ട്രീയവല്‍കൃതമായ ഒരു പരിപാടിക്ക് സർവ്വകലാശാല വൈസ് ചാൻസലർമാര്‍ സർവകലാശാലയുടെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കൊണ്ട് പരീക്ഷകൾ മാറ്റി വച്ചത് പിണറായി വിജയൻ സര്‍ക്കാരിനോടുള്ള ദാസ്യവേലയാണ് നടപ്പിലാക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി നവാസ് എന്നിവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഒരു പ്രത്യേക മതവിഭാഗത്തിലെ സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈയൊരു വനിതാ മതില്‍ യഥാർത്ഥത്തിൽ കേരളത്തിന്‍റെ സാമൂഹിക നവോത്ഥാനത്തിന് പങ്കുവഹിച്ച ഇതര മതവിഭാഗങ്ങളുടെയും, വ്യത്യസ്തമായിട്ടുള്ള സംഘടനകളുടെയും ശ്രമങ്ങളെ വിസ്മരിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പരീക്ഷ മാറ്റിവെച്ചതിലൂടെ ജീവനക്കാരെയും വിദ്യാർഥിനികളെയും പങ്കെടുപ്പിക്കാനുള്ള ശ്രമം അപലപനീയമാണെന്നും എംഎസ്എഫ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവ് മറികടന്ന് കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് എംഎസ്എഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു. നേരത്തെ കലാലയങ്ങള്‍ക്ക് ഇത്തരം പരിപാടികളുടെ പിന്തുണയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പസുകളില്‍ എംഎസ്എഫ് ന്‍റെ നേതൃത്വത്തിൽ നിഷേധ മതില്‍ സംഘടിപ്പിച്ചിരുന്നു.

chandrika: