X

അൽഖ്വയ്ദ പരാമർശം; ജനം ടിവിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം: എം.എസ്.എഫ്

കോഴിക്കോട് :കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി ‘ജനം’ ടി.വി പുറത്തുവിട്ട വാർത്ത മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ നീച പ്രവർത്തനമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എം പി നവാസ് എന്നിവർ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിലെ ചാവർകേട് സി.എച്ച്.എം.എം കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു വിഡിയോ ക്ലിപ്പാണ്
ജനം ടി വി തീവ്രവാദ പ്രവർത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നത്.ജനാധിപത്യത്തിന്റെ നാലാം തൂണുകളായി പ്രവർത്തിക്കേണ്ട ഒരു മാധ്യമ സ്ഥാപനം വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ നടത്തുന്ന പ്രവർത്തനം അപലപനീയമാണ്.

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സർക്കാർ മൗനം പാലിക്കുന്നത് ദയനീയമാണ്. നേരത്തെ മുഖ്യമന്ത്രിയെ ജാതീയമായി കാർട്ടൂൺ ഇറക്കി അധിക്ഷേപിച്ചപ്പോഴും സർക്കാർ നടപടിയെടുക്കാതിരുന്നത് ദൗർഭാഗ്യമാണ്‌.

ജനം ടി.വി വാർത്ത വന്ന സാഹചര്യത്തിൽ തന്നെ എം എസ് എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കോളേജിലെത്തുകയും നിയമ പോരാട്ടങ്ങൾക്ക് ആവശ്യമായ പിന്തുണ നല്കാൻ തയാറാണെന്നു അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികളുമായി എം എസ് എഫ് മുന്നോട്ടു പോവുമെന്നും നേതാക്കൾ അറിയിച്ചു .

chandrika: