X

പ്ലസ്വണ്‍ തുടര്‍പഠനം; മലപ്പുറം ജില്ലക്ക് സ്പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുക-എം.എസ്.എഫ്

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും മികച്ച വിജയം നേടിയ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സീറ്റുകള്‍ ലഭിക്കുവാന ബാച്ചുകളും കോഴ്‌സുകളും ഉള്‍പ്പെടുത്തിയും ഹൈസ്‌കൂളുകളെ അപ്ഗ്രേഡ് ചെയ്ത് ഹയര്‍സെക്കണ്ടറികളാക്കിയും സ്‌പെഷ്യല്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.
ഫല പ്രഖ്യാപനത്തില്‍ 75,554 വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയപ്പോള്‍ 33,604 വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാരുള്ള ജില്ലയില്‍ ഇഷ്ടമുള്ള കോഴ്സിന് പോലും അഡ്മിഷന്‍ ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രയാസത്തിലാണ്. അണ്‍-എയ്ഡഡ് സ്‌കൂളുകളുകളിലെ സീറ്റുകള്‍ പെരുപ്പിച്ച് കാണിച്ച് ജില്ലയില്‍ പ്ലസ്വണ്‍ സീറ്റുകള്‍ അധികമാണെന്ന് വരുത്തി തീര്‍ക്കുകയും ആവശ്യമായ ബാച്ചുകളും കോഴ്‌സുകളും അനുവദിക്കാതെ എല്ലാ ജില്ലകള്‍ക്കും നല്‍കുന്ന മാര്‍ജിനല്‍ വര്‍ദ്ധനവ് സീറ്റ് മാത്രം നല്‍കി മലപ്പുറത്തെ പിന്നോട്ട് വലിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ വെച്ച് പുലര്‍ത്തുന്നത്.
മലപ്പുറം ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയും വിവേചനവും ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും രംഗത്തിറക്കി ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.എസ്.എഫ് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ ഫവാസ് പനയത്തില്‍, അഡ്വ: ഖമറുസമാന്‍ മൂര്‍ക്കത്ത്, അഡ്വ: പി.സാദിഖലി, അഡ്വ: വി.ഷബീബ് റഹ്മാന്‍, ഹസൈനാര്‍ നെല്ലിശ്ശേരി, യു.അബ്ദുല്‍ ബാസിത്ത്, പി.ടി.മുറത്ത്, ടി.പി.നബീല്‍, എന്‍.കെ.അഫ്സല്‍, റാഷിദ് കോക്കൂര്‍, നവാഫ് കള്ളിയത്ത് എന്നിവര്‍ പങ്കെടുത്തു.

web desk 1: