X

സെൻട്രൽ സെക്റ്റർ സ്‌കോളർഷിപ്പ്; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് എം.എസ്.എഫ്

മലപ്പുറം: കേന്ദ്ര സ്‌കോളർഷിപ്പ് പോർട്ടലിലേക്ക് സംസ്ഥാന സർക്കാർ സെൻട്രൽ സെക്റ്ററിലേക്ക് നൽകിയ ജാതി തിരിച്ചുള്ള പട്ടികയിൽ മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദുവിന്റെ കോലം കത്തിച്ചു. പ്ലസ്ടു പരീക്ഷയിൽ എൻപത് ശതമാനമോ കൂടുതലോ മാർക്ക് നേടിയ ബിരുദ വിദ്യാർത്ഥികൾക്കാണ് ഓരോ വർഷവും 10,000 രൂപയുള്ള ഈ സ്‌കോളർഷിപ്പിന് അർഹരായിട്ടുള്ളത്. എൽ.ഡി.എഫ് സർക്കാരിന്റെ അനാസ്ഥ മൂലം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ സ്‌കോളർഷിപ്പ് നഷ്ടമാകുന്നത്.

പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം നഗരസഭ ചെയർമാനുമായ മുജീബ് കാടേരി ഉൽഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, ജസീൽ പറമ്പൻ, നസീഫ് ഷെർഷ്, നിസാം.കെ.ചേളാരി, ലത്തീഫ് പറമ്പൻ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് മുഴുവൻ ക്യാമ്പസ് തലങ്ങളിലും ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എസ്.എഫ് അവകാശ സമരം സംഘടിപ്പിക്കും.

web desk 1: