X

രണ്ടാമൂഴത്തില്‍ നിന്ന് എം.ടി പിന്മാറുന്നു; തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയിലേക്ക്

കോഴിക്കോട്: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയില്‍ നിന്ന് രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം.ടി ഇന്നു കോടതിയെ സമീപിക്കും.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് എം ടിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാന്‍ കരാര്‍ ചെയ്തിരുന്നത്.

നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.ടിയുടെ നടപടി.

നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുക മടക്കി നല്‍കാനാണ് ഉദ്ദേശം. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല.

ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയാറായി മുന്നോട്ടുവന്നത്. പ്രധാനകഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കുന്നത്.

chandrika: