X

ലഘുലേഖ വിതരണം: 39 മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലുവ: മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്ന പേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.  ആലുവയിലാണ് സംഭവം. ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ എന്ന സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ വടക്കേക്കരയില്‍ വീടുകളിലാണ് ഞ്ായറാഴ്ച്ച രാവിലെ മുതല്‍ ഒരു സംഘമാളുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞ് മര്‍ദ്ദിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖയാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് പോലിസില്‍ പരാതിപ്പെടുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഘുലേഖകള്‍ പരിശോധിച്ച് വരികയാണെന്നും കസ്റ്റഡിയിലെടുത്തവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത 39 പേര്‍ക്കെതിരെയും മതവിദ്വോഷം പ്രചരിപ്പിച്ചെന്നാണ് കേസ്. വൈദ്യ പരിശോധനക്ക് ശേഷം ഇന്ന് തന്നെ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കും.
കസ്റ്റഡിയിലെടുത്തവര്‍ക്ക് മര്‍ദനമേറ്റതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ഇവരെ മര്‍ദിച്ചതിന്റെ പേരില്‍ എതാനും പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായും പോലിസ് പറഞ്ഞു.

‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന ക്യാംപയിന്റെ ഭാഗമായുള്ള ‘ഐ എസ് മതവിരുദ്ധം, മാനവവിരുദ്ധം’, ‘ജീവിതം എന്തിനുവേണ്ടി എന്നീ ലഘുലേഖകളാണ് ‘ ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. സംഘടനയുടെ വാര്‍ഷികം പ്രമാണിച്ച് തീവ്രവാദത്തിന് എതിരായ ലഘുലേഖയാണ് വിതരണം ചെയ്തതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് വിശ്വാസയോഗ്യമല്ലന്നാണ് പോലീസ് പറയുന്നത്.

chandrika: